ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ ബാലക്കോട്ടില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി ബോംബിട്ട് തകര്‍ത്ത ജെയ്ഷേ-ഇ-മുഹമ്മദ് പരിശീലന കേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതായി റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര ശ്രദ്ധ ഒഴിവാക്കാന്‍ പുതിയ പേരില്‍ ആരംഭിച്ച കേന്ദ്രത്തില്‍ കശ്മീരിലും ഇന്ത്യയിലെ മറ്റിടങ്ങളിലും സ്ഫോടനങ്ങള്‍ നടത്താന്‍ 40 തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കാന്‍ ആരംഭിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ വിഭജിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ അനുഗ്രഹാശ്ശിസ്സുകളോടെ ജെയ്ഷെയുടെ ഈ നീക്കം. കശ്മീരിലെ ഇന്ത്യന്‍ നടപടികള്‍ക്ക് പിന്നാലെ ഇന്ത്യയെ ലക്ഷ്യം വെക്കുന്ന ഭീകര ഗ്രൂപ്പുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഇളവ് വരുത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.
കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ബാലക്കോട്ടില്‍ ആക്രമണം നടത്തിയത്. ഫെബ്രുവരി 26 നായിരുന്നു ബാലക്കോട്ട് വ്യോമസേന പ്രത്യാക്രമണം നടത്തിയത്.
പാക്ക് ഭീകര താവളങ്ങളെ ലക്ഷ്യമിട്ട് 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമ സേന ദൗത്യത്തിനായി ഉപയോഗിച്ചത്. ദൗത്യത്തില്‍ പങ്കെടുത്ത വ്യോമസേനാ പൈലറ്റുമാര്‍ക്ക് രാഷ്ട്രപതി വായുസേനാ മെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.