ജയ്റ്റ്‌ലി വരുന്നത് കേരള സർക്കാറിനെതിരെ ‘കുറ്റപത്രം’ തയ്യാറാക്കുന്നതിനു വേണ്ടിയോ . . ?

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലി ഞായറാഴ്ച കേരളം സന്ദര്‍ശിക്കുന്നത് ആര്‍.എസ്.എസ് ഇടപെടലിനെ തുടര്‍ന്ന്.

കേരളത്തില്‍ സംഘം പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം വച്ചുപൊറുപ്പിക്കാനാവില്ലന്നും കടുത്ത നടപടി വേണമെന്നും ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്ന് കേന്ദ്ര സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദ്ദമാണുണ്ടായിരുന്നത്.

ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും പരസ്പരം ബന്ധപ്പെട്ടാണ് മന്ത്രിസഭയിലെ സീനിയറായ അരുണ്‍ ജയ്റ്റിലിയെ തന്നെ പറഞ്ഞയക്കാന്‍ തീരുമാനിച്ചത്.

തലസ്ഥാനത്ത് എത്തുന്ന ജയ്റ്റ്‌ലി കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ വീടും മറ്റ് ആക്രമിക്കപ്പെട്ട ബിജെപി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടും സന്ദര്‍ശിച്ച ശേഷം പ്രത്യേക റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് കൈമാറുമെന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച നടന്നെങ്കിലും അതൊന്നും മുഖവിലക്കെടുക്കാതെ കേന്ദ്രം സംസ്ഥാന സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കി ഒടുവില്‍ ‘അറ്റകൈ’ പ്രയോഗത്തിനാണ് ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ സംശയിക്കുന്നത്.

ഈ അപകടം മുന്നില്‍ കണ്ടുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ ‘സമണ്‍’ ചെയ്തുവെന്ന് ട്വീറ്റ് ചെയ്തതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പാര്‍ട്ടി മുഖപത്രത്തിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേരള സര്‍ക്കാറിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നതാണ് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ താല്‍പര്യമെന്നാണ് സൂചന.

പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൂടെ നിയമസഭ തിരഞ്ഞെടുപ്പു നടത്തിയാലും ഇടതുമുന്നണി അധികാരത്തില്‍ വരില്ലന്നാണ് ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്ത്വത്തിന്റെ കണക്ക് കൂട്ടല്‍.

Top