മുത്തലാഖ് ബില്‍ കോണ്‍ഗ്രസ്സ് രാജ്യസഭയില്‍ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്ന് ജയ്റ്റ്‌ലി

arun jaitley

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിനെ ലോക്‌സഭയില്‍ പിന്തുണച്ച പ്രതിപക്ഷം രാജ്യസഭയില്‍ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. മുത്തലാഖ് ബില്ലിനെ കുറിച്ച് സഭയില്‍ ചര്‍ച്ച നടക്കണം എന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും, ജി.എസ്.ടി പാസാക്കിയതു പോലെ സമവായത്തിലൂടെ മുത്തലാഖ് ബില്‍ പാസാക്കണമെന്നാണ് സര്‍ക്കാരും ആഗ്രഹിക്കുന്നതെന്നും, എന്നാല്‍, ലോക്‌സഭയില്‍ പിന്തുണച്ച ശേഷം രാജ്യസഭയില്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്‍ വ്യാഴാഴ്ചയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ലോക്‌സഭ പാസാക്കിയ ബില്‍ അതുപോലെ തന്നെ പാസാക്കുകയെന്നത് രാജ്യസഭയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത കേന്ദ്രസര്‍ക്കാരിന് വലിയ കടമ്പയാണ്.

മുത്തലാഖ് നിരോധനത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും മുത്തലാഖ് ജാമ്യമില്ലാ കുറ്റമാക്കുന്നതിനോടാണു കോണ്‍ഗ്രസ്സിനു വിയോജിപ്പ്. ബില്ലിനെ എതിര്‍ക്കുന്ന മുസ്‌ലിംലീഗും ബിജെഡിയും ലോക്‌സഭയില്‍ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു.

ഇടതുപാര്‍ട്ടികള്‍, അണ്ണാഡിഎംകെ, ബിഎസ്പി, എസ്പി, ആര്‍ജെഡി, എന്‍സിപി തുടങ്ങിയ കക്ഷികള്‍ക്കും നിലവില്‍ ബില്‍ പാസാക്കുന്നതിനോട് യോജിപ്പില്ല. രാജ്യസഭയില്‍ പ്രാതിനിധ്യമുള്ള ഡിഎംകെയ്ക്കും ബില്‍ സിലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന നിലപാടാണ്.

Top