ബാഹ്യ സമ്മര്‍ദ്ദത്തിന് വശംവദനായിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല; ജെയ്ക്ക്

കോട്ടയം: കണ്ണൂര്‍ വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് ജെയ്ക്ക് സി തോമസ്. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നയാളാണെങ്കില്‍ ഗവര്‍ണര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. 60 വയസ്സുള്ളയാളെ നിയമിക്കുന്നതിലും പുനര്‍നിയമനത്തിലും തെറ്റില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും ജെയ്ക്ക് സി തോമസ്.

ഇപ്പോഴത്തെ വിസിയെ നിയമിച്ചത് ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് നേരത്തേ ഗവര്‍ണര്‍ സമ്മതിച്ചിരുന്നു. ഇതിലാണ് സുപ്രീം കോടതി നിയമനം റദ്ദാക്കിയത്. ബാഹ്യ സമ്മര്‍ദ്ദത്തിന് ഗവര്‍ണര്‍ വശംവദനായിട്ടുണ്ടെങ്കില്‍ ആ നിയമനം ശരിയല്ല എന്നാണ് സുപ്രീം കോടതി പറഞ്ഞത്. സര്‍ക്കാരിന്റെ ആവശ്യത്തിന് വശംവദനായെന്നാണ് ഗവര്‍ണര്‍ പറഞ്ഞിട്ടുള്ളതെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു.

വിശദമായി പ്രതികരിക്കണമെങ്കില്‍ രണ്ട് കോടതി വിധികളുടെയും പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തുവരണമെന്നും ഗവര്‍ണറുടെ അധികാര പരിധിയെ കുറിച്ചുള്ള കാര്യങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണെന്നും ജെയ്ക്ക് സി തോമസ് കൂട്ടിച്ചേര്‍ത്തു.

വിസിയെ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നാണ് കോടതി വിലയിരുത്തല്‍. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. വി സി നിയമനത്തില്‍ അധികാരപരിധിയില്‍ ബാഹ്യശക്തികള്‍ ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. സര്‍ക്കാരിനെതിരെ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.

Top