കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും. കൊച്ചി തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വെച്ചാകും ചോദ്യം ചെയ്യല്‍. ഇന്ന് പത്ത് മണിക്ക് മുന്‍പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ബിഷപ്പിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേസിലെ എസ്പി അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ വൈക്കത്തും കോട്ടയത്തുമായി ഉണ്ടെങ്കിലും കൊച്ചി തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്താല്‍ മതി എന്ന നിഗമനത്തിലാണ് പൊലീസ്.

നേരത്തെ വൈക്കം ഡിവൈഎസ്പിയുടെ ഓഫീസിലോ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലോ വച്ചു ബിഷപ്പിനെ ചോദ്യം ചെയ്യാനായിരുന്നു ആലോചിച്ചതെങ്കിലും ഇവിടെ സുരക്ഷ ഒരുക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറ പൊലീസ് ക്ലബിലേക്ക് മാറ്റിയത്.

അതേസമയം ബിഷപ്പ് കേരളത്തിലെത്തിയോ എന്നത് സംബന്ധിച്ച് ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തത വന്നിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് യാത്ര പുറപ്പെട്ടിട്ടുണ്ടെന്നാണ് അവസാനം അറിഞ്ഞ വിവരം. ഏത് മാര്‍ഗമാണ് അദ്ദേഹം കേരളത്തിലെത്തുക എന്നത് സംബന്ധിച്ചും അറിഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരെയും ബിഷപ്പ് ഇതുവരെ ബന്ധപ്പെട്ടില്ലെന്നാണ് വിവരം.

ഒന്നിലധികം ദിവസം ചോദ്യം ചെയ്യാന്‍ വേണ്ടി വരും എന്നതിനാല്‍ ഇന്ന് അറസ്റ്റിനുള്ള സാധ്യത കുറവാണ്. ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് ഇത് തടസ്സമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.

ഇത് രണ്ടാം തവണയാണ് ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ ജലന്ധറില്‍ പോയി ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ മൊഴികളിലുള്ള അവ്യക്തതയെ തുടര്‍ന്നാണ് വീണ്ടു ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

Top