കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയില്‍. ബിഷപ്പ് ആശുപത്രിയില്‍ തന്നെ തുടരുകയാണ്.
ഇന്നലെ രാത്രി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ച് മുളയ്ക്കലിന്റെ രക്തസമ്മര്‍ദം 200 രേഖപ്പെടുത്തുകയും ഇ.സി.ജിയില്‍ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ബിഷപ്പ്.
എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച പ്രകാരം ഇന്ന് പതിനൊന്ന് മണിയോടെ ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതിയില്‍ ഹാജരാക്കും.
അതേസമയം ബിഷപ്പിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് അഭിഭാഷകരുടെ തീരുമാനം. എന്നാല്‍ ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങടാ മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക.
പീഡന കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിവന്ന സമരം ഇന്ന് അവസാനിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു.