കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയെ പിന്തുണച്ച് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെ.സി.ബി.സി) രംഗത്ത്. കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ.സി.ബി.സി പ്രസ്താവനയില്‍ വ്യക്തമാക്കി.
മാധ്യമങ്ങളുടെ സമാന്തര അന്വേഷണവും വിചാരണയുമല്ല വേണ്ടത്. സഭ ആരെയും വിധിക്കുന്നില്ല. സഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണ്. സമ്മര്‍ദത്തിന് വഴങ്ങാതെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണം. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് സഭയുടെ നിലപാടെന്നും കെ.സി.ബി.സി അറിയിച്ചു.
പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെയും ആരോപണ വിധേയനായ ബിഷപ്പിന്റെയും വേദന ഒരുപോലെയാണ് തങ്ങള്‍ കാണുന്നതെന്നാണ് കെസിബിസിയുടെ നിലപാട്. ഇതില്‍ ഏതെങ്കിലും ഒരു പക്ഷത്തോടൊപ്പം നില്‍ക്കാന്‍ തങ്ങള്‍ ഇപ്പോള്‍ തയ്യാറല്ല. പോലീസിന്റെ അന്വേഷണം നീതപൂര്‍വമായി നടക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും വേണമെന്നും പൊലീസിനു മേല്‍ സമ്മര്‍ദ്ദം ഉണ്ടാവരുതെന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം:
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ഒരു സന്യാസിനി ഉന്നയിച്ച ലൈംഗിക പീഡനാരോപണത്തിന്റെ മറവില്‍, കത്തോലിക്കാസഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കുന്നതിന് സ്ഥാപിത താല്പര്യക്കാരും ചില മാധ്യമങ്ങളും അഞ്ചു കന്യാസ്ത്രീകളെ മുന്നില്‍ നിര്‍ത്തി നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികള്‍ അതിരുകടന്നതും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. പോലീസ് ഒരു തരത്തിലുമുള്ള സമ്മര്‍ദത്തിനു വഴങ്ങാതെ കേസന്വേഷണം എത്രയും വേഗം നീതിപൂര്‍വകമായി പൂര്‍ത്തിയാക്കണമെന്ന് കെസിബിസി ആവശ്യപ്പെടുന്നു.
പരാതിക്കാരിയായ സന്ന്യാസിനിയും ആരോപണവിധേയനായ ബിഷപ്പും കത്തോലിക്കാസഭയെന്ന കുടുംബത്തിലെ അംഗങ്ങളാകയാല്‍ അവര്‍ക്കുണ്ടാകുന്ന മുറിവും വേദനയും സഭയും പങ്കിടുന്നു. സന്ന്യാസിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിനെ സ്വാഗതം ചെയ്തുകൊണ്ടും നിഷ്പക്ഷമായ അന്വേഷണത്തില്‍ കുറ്റവാളിയെന്ന് കാണുന്നവരെ ഈ രാജ്യത്തു നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ശിക്ഷിക്കുന്നതില്‍ കത്തോലിക്കാസഭ ഒരുവിധത്തിലും തടസ്സം നില്ക്കുകയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടും കെ.സി.ബി.സി.യുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് സൂസപാക്യം ആദ്യംതന്നെ പരസ്യപ്രസ്താവന നടത്തുകയുണ്ടായി. സഭാധികാരികള്‍ക്ക് സന്യാസിനി പരാതി നല്കിയിട്ടുണ്ടെങ്കില്‍ അതിന്മേല്‍ സഭാനിയമങ്ങളനുസരിച്ചുള്ള നടപടികളുണ്ടാകുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍നിന്നും കത്തോലിക്കാസഭ പിന്നോട്ട് പോയിട്ടില്ല. പോയതായി ആരും ചൂണ്ടിക്കാണിച്ചിട്ടുമില്ല. ഉന്നയിക്കപ്പെട്ട ആരോപണം വളരെ ഗുരുതരമാണെന്നും, ആരോപണം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളി – ആരായാലും – ശിക്ഷിക്കപ്പെടണമെന്നതുതന്നെയാണ് സഭയുടെ നിലപാട്.
ആരോപണവിഷയമായ സംഭവത്തില്‍ സഭ ആരെയും വിധിക്കുന്നില്ല. ആരെയും നീതീകരിക്കുന്നുമില്ല. ക്രിമിനല്‍ കേസിന്റെ അന്വേഷണം പോലീസാണു നടത്തേണ്ടത്. അവരത് നിയമാനുസൃതം പൂര്‍ത്തിയാക്കട്ടെ. ചാര്‍ജ്ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചാല്‍, നിയമാനുസൃതം വിചാരണ നടത്തി കുറ്റവാളിയെ – അതാരായാലും- കോടതി ശിക്ഷിക്കട്ടെ. അതിനാണല്ലോ നിയമവാഴ്ചയെന്നു പറയുന്നത്. അതനുവദിക്കാതെ, മാധ്യമങ്ങള്‍ സമാന്തര അന്വേഷണവും വിചാരണയും നടത്തി കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് അധാര്‍മ്മികവും അനധികൃതവുമാണ്. ക്രിമിനല്‍ കേസുകളിലെ മാധ്യമവിചാരണ നിയമവിരുദ്ധവും, നീതി നിഷേധവും, മനുഷ്യാവകാശ ലംഘനവുമാണെന്നു ഇന്ത്യയുടെ സുപ്രീംകോടതിതന്നെ ആവര്‍ത്തിച്ചു വിധിച്ചിട്ടുണ്ട്. ഓരോ സാക്ഷിയും പറയുന്ന കാര്യങ്ങള്‍ പത്രസമ്മേളനം നടത്തി പ്രസിദ്ധപ്പെടുത്താനുള്ളതല്ല. എന്നാല്‍, ഈ കേസിലെ സാക്ഷിമൊഴികളെക്കുറിച്ചും പോലീസ് നീക്കങ്ങളെക്കുറിച്ചും നിരന്തരം വന്നുകൊണ്ടിരിക്കുന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്.
സമരം പോലീസിനെതിരെയാണെന്നാണു പറയുന്നതെങ്കിലും കത്തോലിക്കാസഭയ്ക്കും ബിഷപ്പുമാര്‍ക്കുമെതിരെ മുദ്രാവാക്യം വിളിക്കാനും പ്ലക്കാര്‍ഡ് പിടിക്കാനും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിഷലിപ്തമായ പ്രസംഗങ്ങള്‍ നടത്താനും സമരക്കാരും അവരുടെ അനുകൂലികളും മത്സരിക്കുകയാണ്. ഇരയെ രക്ഷിക്കാനെന്നുപറഞ്ഞ് ഇതിനൊക്കെ വ്യാപകമായ പ്രചാരണം കൊടുക്കുകയും, മുന്‍കൂട്ടി നിശ്ചയിച്ച അജണ്ടയ്ക്കനുസരിച്ച് ചാനല്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ചില മാധ്യമങ്ങളുടെ ഗൂഢലക്ഷ്യം നിഷ്പക്ഷമതികള്‍ മനസ്സിലാക്കുന്നുണ്ട്. അന്വേഷണോദ്യോസ്ഥരെ സമ്മര്‍ദ്ദത്തിലാക്കാനും കോടതിയെ സ്വാധീനിക്കാനും, അതിനിടയില്‍ കത്തോലിക്കാസഭയെ കല്ലെറിയാനും നടത്തുന്ന ഇത്തരം സമരങ്ങള്‍ തികച്ചും അപലപനീയമാണ്.
സമരക്കാരുടെ ഒരു പ്രധാന ആവശ്യം ബിഷപ്പ് ഫ്രാങ്കോയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ്. ഒരു കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണോ, എപ്പോള്‍ അറസ്റ്റ് ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണ്; പരാതിക്കാരനല്ല. പരാതി ലഭിച്ച് അന്വേഷണം ആരംഭിച്ചാലുടന്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ഒരു നിയമത്തിലും പറയുന്നില്ല. ഈ കേസില്‍ത്തന്നെ ബിഷപ് ഫ്രാങ്കോയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പോലീസിനു നിര്‍ദ്ദേശം കൊടുക്കണമെന്നപേക്ഷിച്ച് ഹൈക്കോടതിയില്‍ ഫയല്‍ചെയ്യപ്പെട്ട റിട്ടു ഹര്‍ജി തള്ളിക്കൊണ്ട്, 2018 ആഗസ്റ്റ് 13-ലെ വിധിയില്‍ ഹൈക്കോടതി പറഞ്ഞത്: അറസ്റ്റ് വേണമോ, വേണമെങ്കില്‍ എപ്പോള്‍ ചെയ്യണം എന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണെന്നാണ്. ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ആയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍തന്നെ മാധ്യമങ്ങളോടു പറഞ്ഞിട്ടുള്ളതാണ്. സാക്ഷിമൊഴികളിലെ പല പൊരുത്തക്കേടുകളും പരിശോധിക്കേണ്ടതുകൊണ്ടും, പരാതിക്കാരിയായ കന്യാസ്ത്രീയെയും തന്റെ ഭര്‍ത്താവിനെയും കുറിച്ച് കന്യാസ്ത്രീയുടെ ബന്ധുവായ ഒരു സ്ത്രീ സഭാധികാരികള്‍ക്കു നല്‍കിയ പരാതിയിലെ വസ്തുതകളും അന്വേഷിക്കേണ്ടതുകൊണ്ടും, കേരളത്തിനുപുറത്ത് പല സംസ്ഥാനങ്ങളിലും അന്വേഷണം നടക്കുന്നതുകൊണ്ടുമാണ് അന്വേഷണം വൈകുന്നതെന്നാണ് പോലീസ് പറയുന്നത്.
നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നല്ല, ബിഷപ് ഫ്രാങ്കോയെ എങ്ങനെയും അറസ്റ്റ്ചെയ്ത് ജയിലില്‍ ഇടണമെന്നാണു സമരക്കാരുടെ താല്പര്യമെന്നു തോന്നുന്നു. അതെന്തായാലും പോലീസിന്റെ അന്വേഷണം നീണ്ടുപോകുന്നതിനും ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യാത്തതിനും കത്തോലിക്കാസഭയെയും മറ്റു ബിഷപ്പുമാരെയും കുറ്റപ്പെടുത്തുന്നതില്‍ യാതൊരു യുക്തിയുമില്ല. സഭ നീതിപാലിക്കുക എന്ന് മുദ്രാവാക്യം വിളിക്കുന്നതിന്റെ പ്രസക്തിയെന്താണ്? സഭ പരാതിക്കാരിക്കു നീതി നിഷേധിച്ചിട്ടില്ലല്ലോ. സഭയെയും ബിഷപ്പുമാരെയും തെരുവില്‍ ചീത്തവിളിക്കുകയും അതിനു മാധ്യമങ്ങളിലൂടെ പ്രചാരണം കൊടുക്കുകയും ചെയ്യുന്നത് എന്തു നീതിയാണ്? സഹനത്തിന്റെയും ക്ഷമയുടെയും മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സമാധാനപ്രിയരായ ഒരു സമൂഹത്തെയും അവരുടെ ആദ്ധ്യാത്മിക നേതാക്കളെയും തിരിച്ചടി ഭയക്കാതെ അടിക്കാമെന്നുള്ള ചിന്തയല്ലേ ഇതിനു പിന്നില്‍? പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് സഭയില്‍നിന്നും നീതികിട്ടിയിട്ടില്ല എന്ന ആരോപണത്തില്‍ കഴമ്പില്ല.
പരാതി നല്കിയെന്ന് പറയുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കോ, മറ്റ് ബിഷപ്പുമാര്‍ക്കോ ജലന്ധര്‍ ബിഷപ്പിന്റെ മേലോ മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെമേലോ അധികാരമൊന്നുമില്ല. ബിഷപ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അവര്‍ക്കു നല്കിയ പരാതിയില്‍ പരാതിക്കാരി പറഞ്ഞിരുന്നുമില്ല. വത്തിക്കാന്‍ പ്രതിനിധിക്കു നല്കിയെന്നു പറയുന്ന പരാതിയിന്മേല്‍ എത്രയുംവേഗം തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വത്തിക്കാന്റെ ഭാഗത്തുനിന്നും ഉചിതമായ നടപടി യഥാസമയമുണ്ടാകും. അതും ക്രിമിനല്‍ കേസും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ല. വഴിവക്കില്‍ സമരത്തിനിരിക്കുന്ന അഞ്ചു കന്യാസ്ത്രീകളുടെ നടപടികളെക്കുറിച്ചും സന്ന്യാസ സഭയുടെ നിയമങ്ങള്‍ ലംഘിച്ചുള്ള ജീവിതത്തെക്കുറിച്ചും മിഷണറീസ് ഓഫ് ജീസസ് സന്ന്യാസ സഭ സെപ്തംബര്‍ 10-നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങളും പ്രസക്തമാണ്.
നിയമാനുസൃതമായ അന്വേഷണങ്ങളുമായി സഭ സഹകരിക്കുമ്പോള്‍ത്തന്നെ കത്തോലിക്കാസഭയെയും സന്യാസജീവിതത്തെയും അവഹേളിക്കത്തക്കവിധം കുറെ സന്ന്യാസിനികള്‍ വഴിവക്കില്‍ പ്ലക്കാര്‍ഡ് പിടിച്ച്, മുദ്രാവാക്യം മുഴക്കിയിരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കുക സാധ്യമല്ല. നീതി നിര്‍വ്വഹിക്കപ്പെടണമെന്ന നിലപാടില്‍ കെ.സി.ബി.സി. ഉറച്ചുനില്ക്കുന്നു. സമരക്കാരും അനുകൂലികളും സമ്മര്‍ദതന്ത്രം ഉപേക്ഷിച്ച്, നിഷ്പക്ഷമായും കാര്യക്ഷമമായും കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസിനെ അനുവദിക്കുകയാണുവേണ്ടത്. എത്രയും വേഗം കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസ് തയ്യാറാകണം.
ഫാ. വര്‍ഗീസ് വള്ളിക്കാട്ട്
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍,
ഔദ്യോഗിക വക്താവ്, കെ.സി.ബി.സി.