കന്യാസ്ത്രീ നല്‍കിയ പരാതി സംബന്ധിച്ച് പൊലീസ് കാര്യക്ഷമമായ അന്വേഷണമാണ് നടത്തുന്നതെന്ന് കോടിയേരി

kodierii balakrishanan

തിരുവനന്തപുരം : ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണത്തില്‍ പൊലീസിനെ അനുകൂലിച്ച് സിപിഎം. കന്യാസ്ത്രീ നല്‍കിയ പരാതി സംബന്ധിച്ച് പൊലീസ് കാര്യക്ഷമമായ അന്വേഷണമാണ് നടത്തുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. നാലുവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അന്വേഷണത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ഇടപെടാറില്ലന്നും അദ്ദേഹം അറിയിച്ചു.

പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. തെളിവുണ്ടെങ്കില്‍ ഏത് ഉന്നതനേയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്ന് മുന്‍കാല അനുഭവങ്ങളില്‍ നിന്നും വ്യക്തമാണ്. ഈ കേസിലും ഊര്‍ജിതമായ അന്വേഷണത്തിലൂടെ നിയമാനുസൃതമായ നടപടി പൊലീസ് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീകളുടെ സമരം ശക്തമാവുകയാണ്. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി മന്ത്രി ഇ.പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്നും മന്ത്രി പറഞ്ഞു. കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

കന്യാസ്ത്രീയുടെ ആവശ്യങ്ങള്‍ക്കൊപ്പമാണ് ഗവണ്‍മെന്റ് നില്‍ക്കുന്നത്. ഏറ്റവും ശരിയായ നിലപാട് ഗവണ്‍മെന്റ് സ്വീകരിക്കും. ഒരു കുറ്റവാളിയെയും ഗവര്‍ണ്‍മെന്‍് സംരക്ഷിക്കില്ല. ഇരകളോടൊപ്പമാണ് ഗവണ്‍മെന്റ്. കന്യാസ്ത്രീകളുടെ ആവശ്യങ്ങള്‍ ഗൗരവമായി കാണുന്നു. അതിന് വേണ്ട എല്ലാ നപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. റിമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ള ഡബ്ല്യു.സി.സി അംഗങ്ങള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യമറിയിച്ചു. സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെയാണ് തങ്ങളെന്ന് ഡബ്ല്യു.സി.സി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Top