ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നില്ല ; നിരവധി കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്ന് പൊലീസ്

Jalandhar Bishop Franco Mulakkal

കൊച്ചി : കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടി പൊലീസ് സ്വീകരിച്ചിട്ടില്ല. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. നിരവധി കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്നും, ബിഷപ്പിന്റെ മൊഴികള്‍ പരിശോധിച്ചു വരികയാണെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു.

തൃപ്പൂണിത്തുറയില്‍ വച്ചുതന്നെയാണ് ഇന്നും ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ തന്നെ തുടരുകയാണ്. ചോദ്യം ചെയ്യല്‍ നാളെയും തുടരും. സുരക്ഷയെ മുന്‍നിര്‍ത്തി കൂടുതല്‍ പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉപദേശം തേടിയിരുന്നു. മധ്യമേഖലാ ഐജി വിജയ് സാഖറെ ഹൈക്കോടതിയില്‍ എത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന്റെ കാര്യത്തില്‍ ഹൈക്കോടതി തീരുമാനത്തിന് കാക്കേണ്ടതില്ലെന്നാണ് ഉന്നതരുടെ നിലപാട്. ബിഷപ്പിന്റെ കേസില്‍ അന്വേഷണസംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കിയിരുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരായ ബിഷപ്പിനെ ഏഴ് മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. ഇന്നലെ തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതില്‍ ബിഷപ്പിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിരുന്നു.

ബിഷപ്പിനെ തല്‍സ്ഥാനത്ത് നിന്ന് താല്‍കാലികമായി മാറ്റിയിരുന്നു. ഫ്രാങ്കോ മുളയ്ക്കലിന് പകരം ജലന്ധര്‍ ബിഷപ്പിന്റെ താല്‍കാലിക ചുമതല മുംബൈ രൂപതയിലെ മുന്‍ സഹായ മെത്രാനായിരുന്ന ആഗ്നോ റൂഫിനോ ഗ്രേഷ്യസിന് നല്‍കിയ ഉത്തരവ് വത്തിക്കാന്‍ ഇറക്കിയിട്ടുണ്ട്.

എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷം ബിഷപ്പ് ഫ്രാങ്കോയുടെ ആവശ്യം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി(സിബിസിഐ) പ്രസിഡന്റ് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് അറിയിച്ചു. കേസില്‍ ശ്രദ്ധ ചെലുത്താന്‍ താല്‍ക്കാലികമായി ചുമതലകളില്‍ നിന്നൊഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ചൊവ്വാഴ്ചയാണ് ബിഷപ്പ് ഫ്രാങ്കോ വത്തിക്കാനു കത്തു നല്‍കിയത്.

Top