ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും

Jalandhar Bishop Franco Mulakkal

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. ഹര്‍ജിയില്‍ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്ന് ആവശ്യപ്പെട്ടായിരിക്കും ഹര്‍ജി.

അറസ്റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ പശ്ചാലത്തലത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത്. രാവിലെ ഹര്‍ജി സമര്‍പ്പിച്ച് ഉച്ചയ്ക്ക് ശേഷം ബെഞ്ചില്‍ കൊണ്ടുവരാനാണ് നീക്കം.

അതേസമയം ജലന്ധര്‍ ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്തുവന്നു. കന്യാസ്ത്രീക്ക് വ്യക്തിവിരോധമെന്ന് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. ഇതിനായി കള്ളക്കഥ മെനയുന്നുവെന്നും കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയായിരുന്നെന്നും കന്യാസ്ത്രീയും ബന്ധുക്കളും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

ആദ്യ മൊഴിയില്‍ ലൈംഗികാരോപണം പറഞ്ഞിട്ടില്ല. പൊതുജനവും മാധ്യമങ്ങളും തന്നെ ക്രൂശിക്കുന്നു. അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും ബിഷപ്പ് ജാമ്യാപേക്ഷയില്‍ പറയുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി. ഹര്‍ജിക്കൊപ്പം കന്യാസ്ത്രീക്ക് എതിരായ പരാതികളും ഹാജരാക്കും.

അതേസമയം ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ നാളെ ഹാജരാകാനാണ് ബിഷപ്പിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കന്യാസ്ത്രിയുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ട്, ഇക്കാര്യം പോലീസ് തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്, ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട് എന്നീ വാദങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കന്യാസ്ത്രികള്‍ അടക്കം കൊച്ചിയില്‍ തുടരുന്ന സമരം സര്‍ക്കാരിന് മേലുളള സമ്മര്‍ദ്ദതന്ത്രമാണെന്നും പോലീസ് അതിന് വഴിപ്പെടുമെന്ന് ഭയമുണ്ടെന്നും കോടതിയെ അറിയിക്കും.

ഇന്നത്തെ കോടതി നടപടികള്‍ക്ക് ശേഷമേ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്ന കാര്യത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്തിമ തീരുമാനമെടുക്കൂ.

Top