ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; കക്ഷി ചേരുമെന്ന് മിഷണറീസ് ഓഫ് ജീസസ്

Franco mulakkal jalandhar bishop,

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ ഹൈക്കോടതിയിലുള്ള കേസില്‍ കക്ഷി ചേരുമെന്ന് മിഷണറീസ് ഓഫ് ജീസസ്. ബിഷപ്പിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും സന്യാസി സമൂഹത്തിനെതിരെ മോശം പ്രചരണം നടക്കുന്നുവെന്നും മിഷണറീസ് ഓഫ് ജീസസ് വ്യക്തമാക്കി.

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ ഇടപെടണമെന്ന ആവശ്യമുന്നയിച്ച് വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ക്കും പരാതിക്കാരിയായ കന്യാസ്ത്രീ കത്ത് നല്‍കിയിരുന്നു.

വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമുന്നയിച്ചാണ് വത്തിക്കാന്‍ പ്രതിനിധികള്‍ക്ക് കന്യാസ്ത്രീ കത്ത് അയച്ചത്. കഴുകന്‍ കണ്ണുകളുമായാണ് ബിഷപ്പ് കന്യാസ്ത്രീകളെ കാണുന്നതെന്നാണ് കന്യാസ്ത്രീ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളെയും കെണിയില്‍ പെടുത്തിയെന്നും കന്യാസ്ത്രീകള്‍ക്ക് സഭ നീതി നല്‍കുന്നില്ലെന്നും ഇരകളായ കന്യാസ്ത്രീകളെ സ്ഥലംമാറ്റി പരാതി ഒതുക്കി തീര്‍ക്കുവാനാണ് ബിഷപ്പ് ശ്രമിക്കാറെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് 5 വര്‍ഷത്തിനിടെ 20 സ്ത്രീകള്‍ പോയെന്നും രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് പൊലീസിനെയും സര്‍ക്കാരിനെയും ബിഷപ്പ് സ്വാധീനിച്ചെന്നും കന്യാസ്ത്രീകള്‍ക്ക് സഭ രണ്ടാനമ്മയാണെന്ന് തന്റെ അനുഭവം തെളിയിച്ചെന്നും കന്യാസ്ത്രീ വ്യക്തമാക്കിയിട്ടുണ്ട്.

Top