കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ സഭയും സര്‍ക്കാരും കൈവിട്ടെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. നീതി നിഷേധിക്കപ്പെടുന്നതിനാല്‍ സമരത്തിനിറങ്ങുകയാണെന്നാണ് അവര്‍ പറയുന്നത്.
ഇരയായ കന്യാസ്ത്രീക്കൊപ്പം ഉറച്ചു നില്‍ക്കുന്ന അഞ്ച് കന്യാസ്ത്രീകളാണ് ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. ആരും സംരക്ഷിക്കാനില്ലെന്നും ഇരയായ കന്യാസ്ത്രീയൊടൊപ്പം നില്‍ക്കുമെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കൊച്ചിയില്‍ കെസിആര്‍എം നടത്തുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
കൊച്ചി ഹൈക്കോടതി ജങ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്താന്‍ കന്യാസ്ത്രീകള്‍ കുറവിലങ്ങാടു നിന്ന് പുറപ്പെട്ടു. സഭാ നേതൃത്വം ഇടപെട്ട് വിഷയത്തില്‍ തീരുമാനമുണ്ടാക്കുമെന്നായിരുന്നു ആദ്യഘട്ടത്തില്‍ കന്യാസ്ത്രീകളുടെ പ്രതീക്ഷ. എന്നാല്‍ സഭാനേതൃത്വം പരാതി അവഗണിച്ചതോടെയാണ് അവര്‍ നിയമസംവിധാനത്തെ സമീപിച്ചത്.