തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്ന് ഇപി ജയരാജന്‍. ശക്തമായ തെളിവുകള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെ തന്നെ രാജിവെക്കണമായിരുന്നുവെന്ന് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പറഞ്ഞു. സഭാ പിതാവെന്ന നിലയില്‍ കാട്ടേണ്ട ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും അപമാനമുണ്ടാക്കുന്ന നടപടിയാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ബിഷപ്പിനെതിരായ ആരോപണങ്ങള്‍ വ്യക്തിപരമാണെന്നും കെആര്‍എല്‍സി പറഞ്ഞു. കാത്തലിക് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജാണ് പ്രസ്താവനയിറക്കിയത്.
പീഡനക്കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇന്ന് തന്നെ ബിഷപ്പിന് നോട്ടീസ് നല്‍കുമെന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് അറിയിച്ചു.
ഒരാഴ്ച്ചയ്ക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ് നല്‍കുക. എന്നാല്‍ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഡിവൈഎസ്പി അറിയിച്ചു. പഞ്ചാബ് പൊലീസ് മുഖേന ബിഷപ്പിന് നോട്ടീസ് നല്‍കുവാനാണ് ശ്രമിക്കുന്നത്. ഏറ്റുമാനൂരില്‍ വെച്ചായിരിക്കും ചോദ്യം ചെയ്യല്‍.