കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായി പീഡന ആരോപണമുന്നയിച്ച കന്യാസ്ത്രീയുമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ ഫോണ്‍ സംഭാഷണം പ്രചരിപ്പിക്കുന്നത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് സഭാ കാര്യാലയം.
പ്രചരിക്കുന്ന സംഭാഷണം യാഥാര്‍ഥ്യമാണെന്നും എന്നാല്‍ ലൈംഗിക പീഡനം നേരിട്ടുവെന്ന് സംഭാഷണത്തില്‍ കന്യാസ്ത്രീ പറയുന്നില്ലെന്നും സന്യാസിനി സമൂഹത്തില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് പറയുന്നതെന്നും ഇത് സംബന്ധിച്ച് പൊലീസിനോടും പത്രക്കുറിപ്പിലും വിശദീകരിച്ചതാണെന്നും സഭാ കാര്യാലയം വ്യക്തമാക്കി.
പൊലീസിനെ ഉടനടി അറിയിച്ച് നടപടി സ്വീകരിക്കേണ്ട തരത്തിലുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് സംഭാഷണത്തില്‍ കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് സഭാധികാരികളുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നെന്നും സന്യാസിനി സമൂഹത്തിന്റെ മേല്‍ തനിക്ക് അധികാരമില്ലാത്തതിനാല്‍ വിഷയം അപ്പസ്‌തോലിക് ന്യൂണ്‍ഷോയുടെയോ സി.സി.ബി.ഐ പ്രസിഡന്റിന്റെയോ ശ്രദ്ധയില്‍ പെടുത്താന്‍ കര്‍ദിനാള്‍ ഉപദേശിക്കുകയായിരുന്നുവെന്നും സഭ വിശദീകരിച്ചു.