കൊച്ചി: പീഡനക്കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് സേവ് അവര്‍ സിസ്റ്റേഴ്‌സ് കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തും.
സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ തിരുവനന്തപുരം സോണിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച സമരം നടക്കുക. വി.എം. സുധീരന്‍, പന്ന്യന്‍ രവീന്ദ്രന്‍, ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധികള്‍, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുക്കള്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
അതേസമയം, ബിഷപ്പിനെ അറസ്റ്റുചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. ബിഷപ്പിനെതിരെ ശക്തമായ മൊഴികളും തെളിവുകളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒരാഴ്ചക്കുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് നാളെ നോട്ടീസ് അയക്കാന്‍ സാധ്യതയുണ്ട്. ഏറ്റുമാനൂരില്‍ വെച്ചായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാംഘട്ട അന്വേഷണത്തില്‍ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങള്‍ ഇല്ലാതായിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.