തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. കേസില്‍ എത്രയും വേഗം അന്വേഷണം തീര്‍പ്പാക്കാന്‍ ഐജിയ്ക്ക് നിര്‍ദ്ദേശം നല്‍കി. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത് എന്ന് ഐജി റിപ്പോര്‍ട്ട് നല്‍കിയതായും ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.
അതേസമയം, കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കം കേസ് അട്ടിമറിക്കാനാണെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാ
സ്ത്രീകള്‍ ആരോപിച്ചിരുന്നു. റെയ്ഞ്ച് ഐജി വിജയ് സാക്കറെയും ഡിജിപി ലോക്നാഥ് ബഹ്റയും നിലവിലെ അന്വേഷണ സംഘത്തെ സ്വതന്ത്രമായി അന്വേഷിക്കാന്‍ അനുവദിക്കുന്നില്ലെന്നും, പരാതിക്കാരിയെ അപമാനിച്ച പി.സി ജോര്‍ജ്ജിനെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു.
ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സിലിന്റെ അനിശ്ചിതകാലനിരാഹാര സമരം കൊച്ചിയില്‍ തുടരുകയാണ്. സംഘടനയെ പ്രതിനിധീകരിച്ച് ജോസ് ജോസഫ്, സ്റ്റീഫന്‍ എന്നിവരാണ് നിരാഹാരമിരിക്കുക.