ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി ; വത്തിക്കാന്‍ പ്രതിനിധിയില്‍ നിന്നും മൊഴിയെടുക്കും

കോട്ടയം :ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗികപീഡന പരാതിയില്‍ കേരളത്തിലെ വത്തിക്കാന്‍ പ്രതിനിധിയില്‍ നിന്നും മൊഴിയെടുക്കും. ഇന്നുച്ചയ്ക്കു ശേഷം അന്വേഷണസംഘം വത്തിക്കാന്‍ പ്രതിനിധിയെ കാണും.

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ മൊഴിയെടുക്കല്‍. ഡല്‍ഹിയില്‍ വൈക്കം ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കുക. അന്വേഷണ സംഘം ഞായറാഴ്ച ജലന്ധറിലേക്ക് പോകും.

കേരളത്തില്‍ ഒരു മാസത്തിലേറെ നീണ്ട അന്വേഷണം പൂര്‍ത്തികരിച്ച ശേഷമാണ് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിക്കുന്നത്‌.

ജലന്ധറിലെ നടപടികള്‍ക്കായി കേരള പോലീസ് പഞ്ചാബ് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ജലന്ധറില്‍ എത്തുക.

കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ വൈദികന്‍ ശ്രമിച്ച സംഭവത്തില്‍ ജലന്ധര്‍ രൂപതയുടെ പങ്കും പൊലീസ് അന്വേഷിക്കും. കന്യാസ്ത്രീ പരാതി നല്‍കിയ ജൂണ്‍ 28 മുതല്‍ ഫാ. ജെയിംസ് ഏര്‍ത്തയില്‍ നടത്തിയ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കും.

നേരത്തെ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂലൈ അഞ്ചിന് ചങ്ങനാശ്ശേരി മജിസ്ട്രേറ്റിനു മുന്നില്‍ കന്യാസ്ത്രീ രഹസ്യ മൊഴിയും നല്‍കിയിരുന്നു.

Top