തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ വീണ്ടും ആരോപണങ്ങളുമായി കെ.ടി ജലീല്‍ എംഎല്‍എ രംഗത്ത്. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം കള്ളപ്പണ നിക്ഷപമുണ്ടെന്ന് ജലീല്‍ ആരോപിച്ചു. മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ പലരുടെയും പേരിലാണ് ഈ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളതെന്നും ജലീല്‍ വെളിപ്പെടുത്തി.
600 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം എആര്‍ നഗര്‍ ബാങ്കിലുണ്ടെന്നാണ് നിഗമനം. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണമാണ് ഈ അക്കൗണ്ടുകളിലുള്ളത്. മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹമുണ്ടാക്കിയ അഴിമതി പണമാണിത്. മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കേരള ബാങ്കില്‍ ചേരാന്‍ വിസമ്മതിക്കുന്നതിന്റെ അടിസ്ഥാന കാരണവും ഈ കള്ളപ്പണ നിക്ഷേപമാണെന്നും ജലീല്‍ ആരോപിച്ചു.
ദേവി എന്ന അംഗനവാടി ടീച്ചറുടെ പേരില്‍ 80 ലക്ഷത്തിന്റെ കള്ളപ്പണം നിക്ഷേപിച്ചു. ഇഡി നോട്ടീസ് ലഭിച്ചപ്പോഴാണ് ഈ വിവരം അവരറിയുന്നത്. എആര്‍ നഗര്‍ ബാങ്കിലെ ഉദ്യോഗസ്ഥനായ ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരനാണ്. തട്ടിപ്പ് പുറത്തായതോടെ ഹരികുമാര്‍ നിരവധി തവണ അംഗനവാടി ടീച്ചറെ ടെലിഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. സത്യം പുറത്തുവരുമ്പോള്‍ ഹരികുമാറിനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ജലീല്‍ തുറന്നടിച്ചു.