തിരുവനന്തപുരം: കെ ടി ജലീല്‍ ഇന്ന് വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരാകും. ചന്ദ്രികാ വിവാദത്തില്‍ തെളിവുകള്‍ ഹാജറാക്കുന്നതിന്റെ ഭാഗമായാണ് ജലീല്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാവുക. ഇഡിയോടുള്ള നിലപാടില്‍ മുഖ്യമന്ത്രിയും, സഹകരണമന്ത്രിയും സിപിഐഎമ്മും തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ജലീല്‍ ഇന്ന് ചന്ദ്രികാ വിവാദത്തില്‍ മൊഴി നല്‍കാന്‍ എത്തുന്നത്.
ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഈ മാസം രണ്ടിന് കെ ടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി കൊടുത്തിരുന്നു. ഇ ഡി കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ജലീല്‍ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തെളിവുകള്‍ നല്‍കാനായി ജലീല്‍ ഇ ഡിക്ക് മുന്നിലെത്തുന്നത്. ചന്ദ്രിക അക്കൗണ്ടിലൂടെ പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന പരാതിയിലാണ് ജലീല്‍ തെളിവുകള്‍ നല്‍കുക.
ഇന്ന് വൈകീട്ട് നാല് മണിയോടെ കൂടിയാകും ഇ ഡിക്ക് മുമ്പാകെ ജലീല്‍ എത്തുകയെന്നാണ് വിവരം. ഇ ഡി വിളിപ്പിച്ചതിന് അനുസരിച്ചാണ് എത്തുന്നതെന്നും ഏഴ് തെളിവുകള്‍ കൈമാറുമെന്നും ജലീലും വ്യക്തമാക്കിയിട്ടുണ്ട്.