Jallikattu: protests continue in Tamil Nadu

ചെന്നൈ: തമിഴ്‌നാട്ടില്‍ ദിവസങ്ങളായി തുടര്‍ന്നുവന്ന ജനകീയ പ്രക്ഷോഭത്തിന് ഫലം കണ്ടതോടെ ജെല്ലിക്കെട്ടിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ മധുരയിലെ അളകാനെല്ലൂരില്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യും.

എന്നാല്‍ തമിഴ്‌നാട്ടിലെ മധുരയിലുള്ള അളങ്കനല്ലൂരില്‍ ജെല്ലിക്കെട്ട് നടത്തുന്നതിനെ ചൊല്ലി അനിശ്ചിതത്വം തുടരുകയാണ്. പ്രദേശത്ത് മുഖ്യമന്ത്രി ഒ.പനീര്‍ശെവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഓര്‍ഡിനന്‍സ് അല്ല നിയമ നിര്‍മാണമാണ് വേണ്ടതെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

താല്‍ക്കാലിക പരിഹാരത്തില്‍ തൃപ്തരല്ലെന്നും എല്ലാ വര്‍ഷവും ജെല്ലിക്കെട്ടിന് അനുമതി വേണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. അളകാനെല്ലൂരിലെ സ്ഥിരം ജെല്ലിക്കെട്ടു വേദിക്കു സമീപം പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരിക്കുകയാണ്. ഇവിടെ ജെല്ലിക്കെട്ടു നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുമില്ല.

അഴകാനല്ലൂരിലേക്കുള്ള റോഡ് ഗതാഗതം പലയിടത്തും പ്രക്ഷോഭകര്‍ തടയുന്നുണ്ട്. ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനെയും വഴിയില്‍ തടയുമെന്നാണു സൂചന. മധുരയിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം ഉപരോധം തുടരുകയാണ്.

വെള്ളിയാഴ്ച വൈകുന്നേരം കേന്ദ്രത്തിലേക്ക് അയച്ച ഓര്‍ഡിനന്‍സിന് 24 മണിക്കൂറിനകം മൂന്ന് മന്ത്രാലയങ്ങളുടെ അംഗീകാരവും രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്നലെ അംഗീകാരം നല്‍കിയിരുന്നു.

അതേസമയം, പ്രശ്‌നത്തിനു ശാശ്വതപരിഹാരം കാണാതെ സമരം അവസാനിപ്പിക്കില്ലെന്നാണു യുവാക്കളുടെ നിലപാട്. ചെന്നൈ മറീന ബീച്ചില്‍ ഇന്നലെയും ലക്ഷങ്ങളെത്തി. ജെല്ലിക്കെട്ട് നടക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ടും ഇവര്‍ പിരിഞ്ഞുപോയിട്ടില്ല.

മധുരയിലെ അളകാനെല്ലൂര്‍, പാലമേട്, ആവണിയാപുരം എന്നീ പ്രമുഖ കേന്ദ്രങ്ങളില്‍ ജെല്ലിക്കെട്ട് ഒരുക്കങ്ങള്‍ തുടങ്ങി. അളകാനെല്ലൂരില്‍ മാത്രം മുന്നൂറ്റിയന്‍പതിലേറെ കാളകള്‍ തയാറായിട്ടുണ്ട്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു സംസ്ഥാനത്ത് ജെല്ലിക്കെട്ട് നടക്കുന്നത്.

Top