ന്യൂഡൽഹി: ജല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവ്. തമിഴ്നാട് സർക്കാരിന്റെ നിയമത്തിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമെന്നും കോടതി വിലയിരുത്തി.
ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം 2017, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ ചട്ടങ്ങള്‍ 2017 എന്നീ നിയമങ്ങള്‍ക്കെതിരെയായിരുന്നു ഹര്‍ജികള്‍.
സുപ്രീംകോടതി 2014ല്‍ നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും, സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ജല്ലിക്കെട്ട് നടത്താന്‍ ഈ രണ്ട് നിയമങ്ങളും അനുമതി നല്‍കിയിരുന്നു. സംഘടനകളുടെയും തമിഴ്നാട് സര്‍ക്കാരിന്റെയും വാദം കേട്ട ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഡിസംബറില്‍ കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.