കുരുക്കിൽ നിന്നും സർക്കാർ രക്ഷിച്ചിട്ടും ജമാഅത്തെ ഇസ്ലാമി ‘പണി’ കൊടുത്തു

പൊലീസ് ആസ്ഥാനത്തെ ഇമെയില്‍ ചോര്‍ത്തല്‍കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടും എതിര്‍ നിലപാട് സ്വീകരിച്ച് ജമാഅത്തെ ഇസ്ലാമി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ യു.ഡി.എഫിനെ സഹായിക്കാനാണ് ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനം. കേരളത്തില്‍ സ്ഥാനാര്‍ത്ഥികളുടെ മൂല്യംനോക്കി വോട്ടുനല്‍കുന്ന ജമാഅത്തെ ഇസ്ലാമി കഴിഞ്ഞ കാലങ്ങളില്‍ സി.പി.എം, ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെയാണ് പിന്തുണച്ചിരുന്നത്.

ഒരിക്കല്‍ പോലും മുസ്‌ലിം ലീഗിനെ പിന്തുച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരിലടക്കം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെയാണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി ഇടതുമുന്നണിയെ സഹായിച്ചിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ പിന്തുണക്കുള്ള പ്രതിഫലമായാണ് വിവാദമായ പോലീസ് ആസ്ഥാനത്തെ ഇ മെയില്‍ ചോര്‍ത്തല്‍കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍പോലും മടിച്ച കാര്യമാണ് ഇടത് സര്‍ക്കാര്‍ നടപ്പാക്കിയത്. പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നും ഇമെയില്‍ ചോര്‍ത്തിയ കേസിലെ അഞ്ചാം പ്രതിയായ പ്രമുഖ പത്രസ്ഥാപനത്തിന്റെ പത്രാധിപര്‍ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ അപേക്ഷയിലാണ് കേസു തന്നെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നത്. കേസ് പിന്‍വലിക്കാനുള്ള അനുമതി നല്‍കി സര്‍ക്കാര്‍ പ്രോസിക്യൂഷന് കത്ത് നല്‍കി.

രാജ്യസുരക്ഷയെപ്പോലും സാരമായി ബാധിച്ച സംഭവമായിരുന്നു പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നുള്ള ഇ-മെയില്‍ ചോര്‍ത്തല്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന ആശയങ്ങള്‍ പങ്കുവെക്കുന്ന ഇമെയിലുകള്‍ പരിശോധിക്കാനായി ഇന്റലിജന്‍സ് മേധാവി പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനു നല്‍കിയ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്.

ഹൈടെക് സെല്ലിലുണ്ടായിരുന്ന എസ്.ഐ ബിജു സലിമാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബിജു സലിം ചോര്‍ത്തി നല്‍കിയ വിവരങ്ങള്‍വെച്ച് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഒരു മതവിഭാഗത്തില്‍പെട്ടവരുടെ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നുവെന്ന് പ്രമുഖ മാധ്യമത്തിന്റെ ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. എസ്.ഐയായ ബിജു സലീമും വാര്‍ത്ത നല്‍കിയ ലേഖകനും പത്രാധിപരും എല്ലാം ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ സമ്മര്‍ദ്ദത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തു തന്നെ കേസ് പിന്‍വലിക്കാന്‍ ശ്രമമുണ്ടായിരുന്നു. എന്നാല്‍ പൊലീസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അന്ന് സര്‍ക്കാര്‍ കേസ് പിന്‍വലിക്കല്‍ നടപടിയില്‍ നിന്നും പിന്‍മാറുകയായിരുന്നു.പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ജമ്മു കാശ്മീരിലെ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള സംഘടനകള്‍ കേന്ദ്ര രഹസ്യ ഏജന്‍സികളുടെ കടുത്ത നിരീക്ഷണത്തിലുമായി.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും പിന്തുണ നല്‍കി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധനം പിന്‍വലിപ്പിക്കാനുള്ള അടവു നയമാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിക്കുന്നതെന്നാണ് ആരോപണം . ബി.ജെ.പി കേന്ദ്രങ്ങളാണ് ഈ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുവേണ്ടെന്ന് പരസ്യനിലപാടെടുത്തിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനെ അടക്കം ജമാഅത്തെ ഇസ്ലാമിയുടെ കോണ്‍ഗ്രസ് പിന്തുണ ഞെട്ടിച്ചിട്ടുണ്ട്.

Top