അവന്‍ കരഞ്ഞ് പറഞ്ഞു ‘ഉമ്മ എന്നെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതാ’! പൊലീസിനെതിരെ ജമീല

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹയുടെ അമ്മയുടെ വാക്കുകളാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മകനെ രക്ഷിക്കാന്‍ സഹായിക്കുമെന്ന് സിപിഎം ഉറപ്പ് നല്‍കിയതായി ജമീല വ്യക്തമാക്കി. പാര്‍ട്ടിയിലെ പ്രധാന നേതാക്കളെല്ലാം വീട്ടില്‍ വന്നിരുന്നെന്നും മകന് പിന്തുണ നല്‍കി എന്നും ജമീല പറഞ്ഞു. തന്റെ രണ്ടു മക്കളും സിപിഎമ്മിനെ നെഞ്ചിലേറ്റി നടക്കുന്നവരാണ്.

അതേസമയം കേസിന് ആസ്പദമായ തെളിവുകള്‍ ഒന്നും വീട്ടില്‍ നിന്ന് പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മകനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പൊലീസ് നിര്‍ബന്ധിപ്പിച്ച് മുദ്രാവാക്യം വിളിപ്പിക്കുകയും അത് വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായും ജമീല പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

മകന്‍ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് കേട്ടപ്പോള്‍ താന്‍ അടുത്ത് ചെന്നെന്നും നീ എന്നെ പറ്റിച്ചല്ലോടാ എന്നു പറഞ്ഞപ്പോള്‍, ഉമ്മാ ഇവര്‍ എന്നെക്കൊണ്ട് വിളിപ്പിക്കുകയാണെന്നു താഹ പറഞ്ഞതായും ജമീല പറഞ്ഞു. ഉടനെ പൊലീസുകാര്‍ ആരോക്കെയോ അവന്റെ വാ പൊത്തുകയും ചെയ്തു. വീട്ടില്‍ താഹയ്ക്കായി പ്രത്യേക മുറിയില്ല. എല്ലാവരും ഉപയോഗിക്കുന്ന മുറി തന്നെയാണ് അവനും ഉപയോഗിക്കുന്നത്. മുറിയില്‍ നിന്നും എന്തൊക്കെയോ പോലീസ് എടുത്തിട്ടുണ്ട്. താഹയുടെ പിതാവിനെക്കൊണ്ട് കടലാസില്‍ ഒപ്പിടുവിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും മാതാവ് പറഞ്ഞു.

Top