ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇംഗ്ലീഷ് പേസര്‍

ലണ്ടന്‍ : വെള്ളിയാഴ്ച നടന്ന ലോര്‍ഡ്‌സ് ക്രിക്ക്രറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. അന്തരീക്ഷവും സാഹചര്യവും മുതലെടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

‘തലേദിവസം പെയ്ത മഴ പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമാകുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ടോസ് ലഭിച്ചപ്പോള്‍ ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള കാരണവും അതുതന്നെയാണ്. എന്നാല്‍ പിച്ച് കണ്ടപ്പോള്‍ ഇത്രയും വലിയ ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം’ ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

ഫ്‌ലാറ്റ് പിച്ചുകളില്‍ പന്തെറിയുന്ന പേസ് ബൗളര്‍മാര്‍ക്ക് വല്ലപ്പോഴുമാണ് ഇത്തരം അനുകൂല സാഹചര്യം ലഭിക്കുക. അത് തങ്ങള്‍ മുതലാക്കി. ഏത് ടീമായാലും അത് ചെയ്യുമായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയല്ല ഏത് ടീമായാലും തകര്‍ന്നടിയുമായിരുന്നുവെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

‘മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഞങ്ങള്‍തന്നെ ഞങ്ങളുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ പന്തെറിഞ്ഞാലും ഇതൊക്കെ തന്നെയാവും ഫലം, മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ് പേസ് ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയത്. ഇത്രയും അനുകൂല സാഹചര്യം കിട്ടിയിട്ടും മികവുകാട്ടാനായിരുന്നില്ലെങ്കില്‍ താന്‍ തീര്‍ത്തും നിരാശനായേനെ’ ഇംഗ്ലണ്ട് താരം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ നടന്ന ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 107 റണ്‍സിന് പുറത്തായിരുന്നു. മഴമൂലം പല തവണ കളി തടസ്സപ്പെട്ട രണ്ടാം ദിനം ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ മുന്‍നിരക്ക് പിടിച്ച് നില്‍ക്കാനായില്ല. 29 റണ്‍സെടുത്ത ആര്‍ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നായകന്‍ വിരാട് കൊഹ്‌ലി 23 റണ്‍സെടുത്ത് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജയിംസ് ആന്‍ഡേഴ്‌സണാണ് ഇന്ത്യയെ തകര്‍ത്തത്. ക്രിസ് വോക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാം കറനും സ്റ്റുവര്‍ട്ട് ബോര്‍ഡും ഓരോ വിക്കറ്റ് വീതം നേടി.

Top