ജയിംസ് കാമറൂൺ ലോക സംഭവമാണ്, പുതിയ ‘അവതാറും’ ഒരു അത്ഭുതമാകും

രു ട്രക്ക് ഡൈവറില്‍ നിന്നും ലോകത്തെ ഒന്നാം നമ്പര്‍ സിനിമാ സംവിധായകനായ വ്യക്തിയാണ് ജയിംസ് കാമറൂണ്‍.അദ്ദേഹത്തിന്റെ ഈ ജീവിതം തന്നെ പല സിനിമകള്‍ക്കുള്ള വിഭവങ്ങള്‍ നല്‍കുന്നതാണ്. സിലബസുകള്‍ക്കും മീതെയാണ് കാമറൂണിന്റെ ഉള്‍കാഴ്ച.

ടൈറ്റാനിക്ക് എന്ന ഒരൊറ്റ സിനിമമതി ഈ സംവിധായകന്റെ പ്രതിഭാ ശേഷിയെ വിലയിരുത്താന്‍. ഭാഷകള്‍ക്ക് അതീതമായി ലോക മനസാക്ഷിയെ ഒന്നടങ്കം കരയിപ്പിച്ച സിനിമയാണ് ടൈറ്റാനിക്ക്.സിനിമ സംവിധായകന്റെ കലയാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് കാമറൂണിന്റെ സിനിമകളെല്ലാം. അവതാറിലൂടെ അദ്ദേഹം വീണ്ടുമത് തെളിയിച്ചു. ഇപ്പോള്‍ അവതാര്‍ 2, അവതാര്‍ 3 എന്നിവ അണിയറയില്‍ ഒരുങ്ങുകയാണ്.

ഡ്രൈവര്‍ ജോലിയില്‍ സാഹസികത കണ്ടെത്തിയ കാമറൂണ്‍ സിനിമയിലും സാഹസികത തുടരുകയാണ്. ടെക്‌നോളജിയുടെ പുതിയ കാലത്ത് കൂടുതല്‍ പുതുമകളോടെയാണ് അവതാറിന്റെ തുടര്‍ഭാഗങ്ങള്‍ അണിയിച്ചൊരുക്കുന്നത്.

കാലിഫോണിയ സ്റ്റേറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ഇംഗ്ലീഷിലും ഫിസിക്സിലും ബിരുദം നേടുന്നതിനിടയില്‍ സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പഠിക്കാനും കാമറൂണ്‍ സമയം കണ്ടെത്തിയിരുന്നു. ആ കാലയളവില്‍ കാമറൂണ്‍ കാണാനിടയായ ‘സ്റ്റാര്‍ വാര്‍സ്’ എന്ന സിനിമ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു. സിനിമയാണ് തന്റെ ജീവിതമെന്ന് അന്നാണ് കാമറൂണ്‍ തിരിച്ചറിഞ്ഞത്. പിന്നീട് സിനിമയുമായി ബന്ധപ്പെട്ട പല മേഖലയിലും അദ്ദേഹം തന്റെ കഴിവു തെളിയിച്ചു മുന്നേറുകയുണ്ടായി.

സയന്‍സ് ഫിക്ഷന്‍ സിനിമയായ ‘ക്സെനോജെനസിസ്’ എന്ന ഹൃസ്വ സിനിമയായിരുന്നു കാമറൂണ്‍ ആദ്യം നിര്‍മ്മിച്ചത്. പിന്നീട് പ്രൊഡക്ഷന്‍ ഡിസൈനറായി. പിരാന സെക്കന്റ് ദി സ്പാവ്നിംഗ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് കടക്കുകയായിരുന്നു.

തുടക്കം പരാജയമായിരുന്നെങ്കിലും അത് തുടര്‍ച്ചയായ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി മാറുകയായിരുന്നു. 1984ല്‍ ദി ടെര്‍മിനേറ്റര്‍ എന്ന സിനിമയിലൂടെ ലോകം അത് കണ്ടു. അര്‍ണോള്‍ഡ് ഷ്വാസ്നഗര്‍ നായകനായ സിനിമ റോബോട്ടിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇന്ത്യന്‍ സിനിമക്കൊന്നും ഇത്തരമൊരു ടെക്‌നോളജി സിനിമ സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത കാലത്താണ് ടെര്‍മിനേറ്റര്‍ പിറവിയെടുത്തത്.

ഈ സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും കാമറൂണ്‍ തന്നെയായിരുന്നു. ലോകമെമ്പാടും ബോക്സ് ഓഫീസില്‍ ഗംഭീര വിജയമാണ് ദി ടെര്‍മിനേറ്റര്‍ നേടിയത്.

പിന്നീടങ്ങോട്ട് ജയിംസ് കാമറൂണ്‍ എന്ന സംവിധായകന്റെ കാലമായിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥയിലും സംവിധാനത്തിലും പിറവിയെടുത്ത സിനിമകളൊക്കെയും സൂപ്പര്‍ഹിറ്റായി മാറി. ഏലിയന്‍സും, ടൈറ്റാനിക്കും അവതാറുമെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അന്യഗ്രഹ ജീവികളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഏലിയന്‍സ്. നിരവധി അവാര്‍ഡുകളാണ് ഈ സിനിമ സ്വന്തമാക്കിയത്.

1997ല്‍ ഇറങ്ങിയ ടൈറ്റാനിക്കിലെ പ്രണയജോടികളായ ജാക്കിനേയും റോസിനേയും ഇപ്പോഴും ആരും മറക്കില്ല. പ്രണയത്തിന്റെ താഴ് വാരങ്ങളില്‍ വസന്തം തീര്‍ത്ത്, പ്രണയമെന്ന വികാരം സ്‌ക്രീനില്‍ നിന്നും പ്രേക്ഷക മനസിലേക്കിറക്കി അവസാനം സങ്കടക്കടലിലേക്ക് തള്ളിയിട്ട ടൈറ്റാനിക്ക് ഹൃദയത്തില്‍ ഇന്നും ഒരു നൊമ്പരമാണ്.

ആര്‍.എം.എസ് ടൈറ്റാനിക്ക് കപ്പലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു ടൈറ്റാനിക്ക്. ലിയനാഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലേയും ഓരോ സിനിമാ പ്രേമികളുടേയും മനസ്സില്‍ അന്നും ഇന്നും ജീവിക്കുന്ന കഥാപാത്രങ്ങളാണ്.

മികച്ച സംവിധായകന്‍, മികച്ച ഫിലിം മേക്കിങ്, മികച്ച സിനിമ എന്നിങ്ങനെ 11 ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങളാണ് ടൈറ്റാനിക് നേടിയെടുത്തത്. 14 അക്കാദമി അവാര്‍ഡ് നോമിനേഷനുകളും ഈ സിനിമയില്‍ നിന്നു മാത്രമുണ്ടായിരുന്നു. റിലീസ് ചെയ്ത് 22 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ടൈറ്റാനിക്ക് ജനമനസ്സുകളില്‍ ഇപ്പോഴും നില്‍ക്കുന്നുണ്ടെങ്കില്‍ അത് കാമറൂണ്‍ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. അക്കാര്യം വ്യക്തമാണ്.

മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍ 2009ലാണ് ആദ്യമായി കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ചത്. മികച്ച സിനിമയ്ക്കും, മികച്ച സംവിധായകനുമുള്ള 2010- ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരവും അവതാറിനായിരുന്നു.

2009 ല്‍ റിലീസ് ചെയ്ത അവതാര്‍ ലോകത്താകമാനം നേടിയത് റെക്കോര്‍ഡ് കളക്ഷനാണ്. രണ്ടാം ഭാഗത്തിന്റേത് മാത്രമല്ല, വരാനിരിക്കുന്ന നാല് ഭാഗങ്ങളുടെ റിലീസ് തിയതിയും കൂടി ഇപ്പോള്‍ കാമറൂണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് മൂന്നാം ഭാഗം 2021 ഡിസംബര്‍ പതിനേഴിനും, നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ പത്തൊന്‍പതിനുമായിരിക്കും റിലീസ് ചെയ്യുക. മറ്റെല്ലാം ഭാഗങ്ങളും ഒരു വര്‍ഷത്തെ ഇടവേളയില്‍ പുറത്തിറങ്ങുമ്പോള്‍ മൂന്നാം ഭാഗത്തിനു മാത്രമാണ് മൂന്ന് വര്‍ഷത്തെ ഇടവേളയുള്ളത്.

ടെര്‍മിനേറ്ററിന്റെ അടുത്ത ഭാഗമായ ‘ടെര്‍മിനേറ്റര്‍:ഡാര്‍ക്ക് ഫേറ്റി’ല്‍ സഹനിര്‍മാതാവിന്റെ റോളിലാണ് കാമറൂണ്‍ എത്തുന്നത്. ടിം മില്ലെറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം വരുന്ന നവംമ്പറിലാണ് പ്രദര്‍ശനത്തിനെത്തുന്നത്.

Top