തിരുവനന്തപുരം: നിയമസഭാ സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം രാഷ്ട്രീയ ലാഭത്തിനാണെന്ന് വീണ ജോര്‍ജ് എം.എല്‍എ. പ്രമേയം അവതരിപ്പിച്ചതോടെ പ്രതിപക്ഷത്തിന് ചികിത്സ വേണ്ടവരാണെന്ന കാര്യം വ്യക്തമായതായി ജെയിംസ് മാത്യുവും പറഞ്ഞു.
പ്രമേയത്തെ അതിശക്തമായി എതിര്‍ക്കുന്നു. പ്രതിപക്ഷ നേതാവിനെ മാറ്റി പകരം നേതൃത്വ സ്ഥാനത്ത് വേറൊരാളെ നിയമിക്കുന്ന അതേ ലാഘവത്തോടെയാണ് ഈ പ്രമേയം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പറയുന്ന കാര്യങ്ങളില്‍ അദ്ദേഹത്തിന് പോലും വിശ്വാസമില്ലാത്ത രീതിയിലാണ് എം. ഉമ്മര്‍ പ്രയേമം അവതരിപ്പിച്ചത്. സ്വാര്‍ഥപരമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മഹത്തായ ഭരണഘടനാപദവിയെ കളങ്കപ്പെടുത്തുന്ന രീതിയിലാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നതെന്നും വീണ ജോര്‍ജ്ജ് എം.എല്‍.എ കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന് സ്ഥലജല വിഭ്രാന്തി പിടിപ്പെട്ടിരിക്കുന്നു. എന്ത് ചെയ്യണം, എപ്പോള്‍ ചെയ്യണം, ആര്‍ക്കെതിരെ ചെയ്യണം എന്ന് എത്തും പിടിയും ഇല്ല. കേന്ദ്രസര്‍ക്കാരും അവരുടെ സര്‍വ്വമാന അന്വേഷണ ഏജന്‍സികളും യുഡിഎഫും ചില മാധ്യമങ്ങളും ചേര്‍ന്ന് കഴിഞ്ഞ ഏഴ് മാസമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ വേട്ടയാടുന്നു.
ഈ കുതന്ത്രങ്ങളെല്ലാം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വന്നതോടെ ഇല്ലാതെയായി എന്നാണ് ഞങ്ങള്‍ കരുതിയത്. ഈ പൊറാട്ട് നാടകത്തിന്റെ രണ്ടാം അങ്കത്തിന്റെ തിരശീല ഉയര്‍ത്തുകയാണ് ഈ പ്രമേയത്തിലൂടെ ചെയ്യുന്നത്. ഇവര്‍ വിവരം ഇല്ലാത്തവരും നാട് നന്നാകണമെന്ന് ആഗ്രഹം ഇല്ലാത്തവരുമാണ്. അടിയന്തിരമായി ചികിത്സ വേണ്ടവര്‍ കൂടിയാണെന്ന് ഇന്ന് പ്രമേയം അവതരിപ്പിച്ചതിലൂടെ വ്യക്തമായതായി ജെയിംസ് മാത്യു പരിഹസിച്ചു.