ഉത്തരകൊറിയ ശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടിവരും ; ജെയിംസ് മാറ്റിസ്

വാഷിംഗ്ടണ്‍: അമേരിക്കയ്ക്കു ഭീഷണിയുണ്ടായാല്‍ ഉത്തരകൊറിയ ശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടിവരുമെന്ന് പെന്റഗണ്‍ മേധാവി ജെയിംസ് മാറ്റിസ്.

ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച പശ്ചാത്തലത്തിലായിരുന്നു ജെയിംസ് മാറ്റിസിന്റെ പ്രതികരണം.

അമേരിക്കവരെ ചെന്നെത്താന്‍ ശേഷിയുള്ള രണ്ട് ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉത്തരകൊറിയ ജൂലൈയില്‍ പരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ ഉത്തരകൊറിയയെ ചുട്ടുചാമ്പലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

എന്നാല്‍ ട്രംപിന്റെ മുന്നറിയിപ്പുകളെയും ഭീഷണികളെയും തങ്ങള്‍ വകവയ്ക്കുന്നില്ലെന്നാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിലൂടെ ഉത്തരകൊറിയ തെളിയിച്ചിരിക്കുന്നത്.

അതേസമയം ഉത്തര കൊറിയയെ ഏത് നിമിഷവും ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കാന്‍ അമേരിക്ക സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതായാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ആക്രമണത്തിന് മുന്നോടിയായി എല്ലാ രാജ്യങ്ങളോടും ഉത്തര കൊറിയയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രെംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഞായറാഴ്ചയാണ് ഉത്തരകൊറിയ അതിശക്തമായ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിക്കാവുന്ന 120 കിലോടണ്‍ ബോംബിന്റെ പരീക്ഷണം വന്‍വിജയമായിരുന്നുവെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ അയിയിച്ചിരുന്നു.

ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ ആണവപരീക്ഷണമാണിത്. 2006ലായിരുന്നു ആദ്യ ആണവപരീക്ഷണം.

Top