ജാമിയ മിലിയ സംഘര്‍ഷം; കുട്ടികള്‍ തനിച്ചല്ല എല്ലാവരും കൂടെയുണ്ട്: വൈസ് ചാന്‍സിലര്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ പ്രതികരണവുമായി വൈസ് ചാന്‍സിലര്‍ നജ്മ അക്തര്‍ രംഗത്ത്. കുട്ടികള്‍ക്ക് നേരെ പൊലീസ് നടത്തിയ ഗുണ്ടായിസം അനുവദിക്കാന്‍ കഴിയില്ല എന്നാണ് അവര്‍ പറഞ്ഞത്. അതേസമയം വിദ്യാര്‍ത്ഥികള്‍ ഒറ്റയ്ക്കല്ലെന്നും ജാമിയ മിലിയ സര്‍വകലാശാല മുഴുവനും ഒപ്പം ഉണ്ടെന്നും അക്തര്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരത്തോടെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കുട്ടികളുടെ പ്രതിഷേധത്തില്‍ പ്രദേശവാസികള്‍ പങ്കെടുത്തതാണ് അക്രമത്തിലേക്ക് നയിച്ചത്. ഇവര്‍ പത്തോളം വാഹനങ്ങള്‍ കത്തിക്കുകയും പൊലീസിനെതിരെ അക്രമം അഴിച്ചുവിടുകയുമായിരുന്നു.

ഇതിനെത്തുടര്‍ന്ന് പൊലീസ് സര്‍വകലാശാലയ്ക്ക് അകത്ത് പ്രവേശിച്ച് കുട്ടികളെ മര്‍ദ്ദിക്കുകയുണ്ടായി. ശേഷം വിദ്യാര്‍ത്ഥികള്‍ സംഘടിച്ചെത്തി. വിദ്യാര്‍ത്ഥി സമരത്തിനിടെ നടന്നത് പൊലീസ് നരനായാട്ടാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പൊലീസ് ക്യാമ്പസിനകത്ത് കയറി ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമം ഉണ്ടായതിനു പിന്നില്‍ വിദ്യാര്‍ത്ഥികളല്ല, പുറത്തുനിന്നെത്തിയവരും പൊലീസുമാണെന്നും ഇവര്‍ ആരോപിക്കുന്നു.

Top