ഭീകരാക്രമണ ഭീഷണി; സൈനിക നീക്കം ശക്തം,അമിത്ഷാ കശ്മീര്‍ സന്ദര്‍ശിച്ചേക്കും

Amit Shah

ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണി നില നില്‍ക്കുന്ന ജമ്മു-കശ്മീരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സന്ദര്‍ശനം നടത്തുമെന്ന് സൂചന.

പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞതിനു ശേഷം അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് അദ്ദേഹം ജമ്മു-കശ്മീരിലെത്തുന്നത്. ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കശ്മീര്‍ താഴ്വരയിലും അമിത്ഷാ സന്ദര്‍ശനം നടത്തുമെന്ന തരത്തില്‍ സൂചനയുണ്ട്.

ജൂലൈ 29നും 31നും നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ പാക്കിസ്ഥാനില്‍ നിന്നു ഭീകരര്‍ നിരന്തരം ശ്രമിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ ഒരെണ്ണം വിജയിച്ചെന്നും നാലോ അഞ്ചോ ഭീകരര്‍ ഇന്ത്യയിലേക്കു കടന്നിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടത്തിയതു പോലെ വന്‍ ഭീകരാക്രമണങ്ങള്‍ക്കാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരിക്കുന്നത്.

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര വെട്ടിക്കുറയ്ക്കുവാന്‍ തീര്‍ത്ഥാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും സംസ്ഥാനത്ത് സൈനിക വിന്യാസം കൂട്ടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ താഴ്‌വരയില്‍ വ്യാപകമായ ആശങ്ക നിലനില്‍ക്കുകയാണ്.

അതേസമയം, ഭീഷണി മുന്നറിയിപ്പുകള്‍ക്കു പിന്നാലെ ജമ്മു-കശ്മീരില്‍ നിയന്ത്രണ രേഖയുടെ സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി ഇന്ത്യൻ സൈന്യം നല്‍കിയിരുന്നു. അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിനെ(ബാറ്റ്) ബൊഫേഴ്സ് പീരങ്കികള്‍ ഉപയോഗിച്ചാണ് ഇന്ത്യ പ്രതിരോധിച്ചത്.

മികച്ച പരിശീലനം ലഭിച്ച കമാന്‍ഡോകളെയാണ് പാക്കിസ്ഥാന്‍ ഈ ഓപ്പറേഷന് വേണ്ടി ഉപയോഗിച്ചതെങ്കിലും ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍ പിന്‍വലിയുകയായിരുന്നു.

പ്രതിരോധത്തിന് ബൊഫേഴ്സ് പീരങ്കികള്‍ സാധാരണയായി ഇന്ത്യ ഉപയോഗിക്കാറുള്ളതല്ല. 155 എം.എം നിറകളാണ് ബൊഫേഴ്സ് പീരങ്കിയില്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ അഞ്ച് തവണയാണ് നിയന്ത്രണ രേഖയില്‍ അതിക്രമിച്ച് കയറാനും ആക്രമണം നടത്താനും ശ്രമം ഉണ്ടായത്.

Top