ശ്രീനഗര്‍: ഈദ് പ്രമാണിച്ച് അഞ്ച് ദിവസത്തിനു ശേഷം കശ്മീരില്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു.
വെള്ളിയാഴ്ച രാവിലെയോടെയാണ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചിരിക്കുന്നത്. ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370എ അനുച്ഛേദങ്ങള്‍ റദ്ദാക്കുന്നതിന്റെ മുന്നോടിയായി ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് ഈ സേവനങ്ങള്‍ നിര്‍ത്തി വെച്ചത്.
ഗവര്‍ണര്‍ സത്യപാല്‍ മാലിക് കഴിഞ്ഞ ദിവസം സാഹചര്യം വിലയിരുത്തി. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കും ഈദിനും നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ശ്രീനഗറിലെ പ്രധാന ജുമാ മസ്ജിദിന്റെ ഗേറ്റ് പൂട്ടിയിട്ടുണ്ട്. വിവിധ മേഖലകളിലെ ചെറിയ പള്ളികളില്‍ പ്രാര്‍ത്ഥന അനുവദിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ജനങ്ങള്‍ക്ക് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാവുന്നതാണ്. ഈ വര്‍ഷം 53-ാമത് തവണയാണ് ജമ്മു-കശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്. അതേസമയം, മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടെ 400ഓളം രാഷ്ട്രീയ സാമുദായിക നേതാക്കള്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്.