നിയന്ത്രിത യുദ്ധം അനിവാര്യം; പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ബിജെപി മന്ത്രി

ന്യൂഡല്‍ഹി: പാക്കിസ്ഥാനോട് നിയന്ത്രിത യുദ്ധം നടത്തി അവരെ പാഠം പഠിപ്പിക്കണമെന്ന് ജമ്മുകശ്മീരിലെ ബിജെപി മന്ത്രി ചൗധരി ലാല്‍സിങ്. കഴിഞ്ഞ ദിവസം പാക്ക് വെടിവെയ്പ്പില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തിലൊരു പരാമര്‍ശവുമായി ബിജെപി മന്ത്രി രംഗത്ത് എത്തിയത്.

ഇന്ത്യയുമായുള്ള ഏതൊരു ഏറ്റുമുട്ടലും പാക്കിസ്ഥാന് താങ്ങാന്‍ സാധിക്കാത്ത തരത്തിലുള്ളതായിരിക്കണമെന്നും അതൊരു നിയന്ത്രിത യുദ്ധമായിരിക്കണമെന്നും ലാല്‍ സിങ് പറഞ്ഞു. വിവിധ തരത്തിലുള്ള സൈനിക നീക്കങ്ങള്‍ പരിഗണിച്ച് എത്രയും പെട്ടന്ന് അവ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശത്രുക്കളുടെ വെടിയേറ്റ് ഓരോ നിമിഷവും നമ്മുടെ ജവാന്‍മാര്‍ കൊല്ലപ്പെടുമ്പോള്‍ ചര്‍ച്ചകള്‍ നടത്താനാണ് ചിലര്‍ക്ക് താല്‍പര്യം, സംസ്ഥാനത്തെ പ്രാദേശിക പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ കണ്ണു കെട്ടിയിരിക്കുകയാണ്, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്,
ലാല്‍സിങ് കൂട്ടിച്ചേര്‍ത്തു.

Top