പതിമൂന്നു വര്‍ഷത്തിന് ശേഷം കശ്മീരില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

ജമ്മു കശ്മീര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനായി കശ്മീര്‍ ഇന്നു ബൂത്തില്‍. പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. വൈകിട്ടു നാലു വരെയാണ് പോളിങ്. 1100 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 422 എണ്ണത്തിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാലുഘട്ടമായുള്ള വോട്ടെടുപ്പ് 16ന് അവസാനിക്കും. 20നാണ് വോട്ടെണ്ണല്‍.

നാഷനല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം, ബിഎസ്പി പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചതിനാല്‍ ബിജെപി- കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടമാണു പലയിടത്തും. അതേസമയം, 240 സ്ഥാനാര്‍ഥികള്‍ ഇതിനകം തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 75 ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ഏഴു മുന്‍സിപ്പല്‍ കമ്മിറ്റികളില്‍ തങ്ങള്‍ അധികാരത്തിലെത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചു.

തീവ്രവാദ ഭീഷണികളെ തുടര്‍ന്ന് സ്ഥാനാര്‍ഥികളാരും പരസ്യമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയിരുന്നില്ല. ഒക്ടോബര്‍ ഏഴിനായിരുന്നു ഒന്നാം ഘട്ടം തുടങ്ങിയത്. എന്നാല്‍ തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഇതാണ് ഇന്ന് വീണ്ടും തുടങ്ങിയിരിക്കുന്നത്.

Top