ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്‌വാരയിലെ കേരന്‍ മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍കാരെ സൈന്യം വധിച്ചു.
നാല് പേരെയാണ് സൈന്യം വധിച്ചത്. ശ്രീനഗര്‍ ലോക് സഭാ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.
ശ്രീനഗര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ഞായറാഴ്ച സൗത് കശ്മീരിലെ കുല്‍ഗാം ജില്ലയിലെ പൊലീസ് സ്റ്റേഷനു നേരെ തീവ്രവാദികള്‍ നിറയൊഴിച്ചിരുന്നു. പൊലീസുകാര്‍ ശക്തമായി തിരിച്ചടിച്ചതോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കുല്‍ഗാം. ഏപ്രില്‍ 12ന് ഇവിടെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.
ശ്രീനഗര്‍, ബുദ്ഗാം, ഗന്ദേര്‍ബാല്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന തെരുവുകളില്‍ ജനങ്ങളെ ഇളക്കിവിട്ട ശേഷമായിരുന്നു ആക്രമണം. പോളിങ്ങ് സ്റ്റേഷന് തീകൊടുക്കാനും ഗൂഢാലോചന നടന്നിരുന്നു. ജനങ്ങളില്‍ ഭീതി പടര്‍ത്തി തിരഞ്ഞെടുപ്പ് ബഹിഷ്‌കരണമാണ് വിഘടന വാദികള്‍ ലക്ഷ്യമിടുന്നതെന്നും പൊലീസ് പറയുന്നു.