ശ്രീനഗർ: അഴിമതിയും ജനവഞ്ചനയും നടത്തുന്ന രാഷ്ട്രീയപ്രവർത്തകരെ കൊല്ലണമെന്ന് ഭീകരരോട് ആഹ്വാനം ചെയ്ത ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് വിവാദത്തിൽ.നിഷ്‌കളങ്കരായ ജനങ്ങളേയും സൈനികരേയും കൊന്നൊടുക്കുന്നതിന് പകരം അഴിമതിയും ജനവഞ്ചനയും നടത്തുന്ന രാഷ്ട്രീയക്കാരെ കൊല്ലാൻ ഭീകരരോട് ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്താവനയാണ് മാലിക് നടത്തിയത്. കശ്മീരിന്റെ സമ്പത്ത് കൊള്ളയടിച്ചവരെയാണ് നിങ്ങൾ ശത്രുക്കളായി കാണേണ്ടത്. അത്തരക്കാരെയാരെയെങ്കിലും നിങ്ങൾ കൊന്നിട്ടുണ്ടോ? ഇതായിരുന്നു ഗവർണറുടെ ചോദ്യം.
കശ്മീരിലെ നേതാക്കൾക്ക് പൊതുജനസമ്മതി കുറയുന്നതിന് കാരണം പൊതുമുതൽ കട്ടെടുത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആസ്തികൾ വാങ്ങിക്കൂട്ടി സമ്പന്നരാകുന്നതിനാലാണെന്നും ഇത്തരം പ്രവൃത്തികൾ കാരണം സാധാരണക്കാർ ദുരിതമനുഭവിക്കുന്നുവെന്നും മാലിക് പറഞ്ഞു.
വിവാദ പ്രസ്താവന നടത്തിയ മാലിക്കിനെതികരെ നിരവധി നേതാക്കൾ രംഗത്ത് വന്നു. മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഗവർണർക്കെതിരെ രൂക്ഷവിമർശനമുയർത്തി. ജമ്മു കശ്മീരിലെ ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെട്ടാൽ അത് ഗവർണരുടെ പ്രേരണയാൽ ആണെന്ന് ഓർമയുണ്ടാകണമെന്ന് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.