ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയം കീറിയെറിഞ്ഞ സംഭവത്തില്‍ കേരളത്തിന്റെ രണ്ട് എംപിമാര്‍ക്ക് സ്പീക്കര്‍ ഓം ബിര്‍ളയുടെ താക്കീത്. ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ എന്നിവരെയാണ് സ്പീക്കര്‍ താക്കീത് ചെയ്തത്.
ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ എംപിമാരെ ശാസിച്ചിരിക്കുന്നത്. ചേംബറില്‍ വിളിച്ചു വരുത്തി കൊണ്ടാണ് ഇരുവരെയും സ്പീക്കര്‍ ശക്തമായി താക്കീത് ചെയ്തത്. ഇത്തരം നടപടികള്‍ മേലാല്‍ ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിന്‍മേലും കൃത്യമായ നിലപാടില്ലാതെ നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ ഇതുവരെ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. സോണിയാഗാന്ധിയും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.
കശ്മീര്‍ സ്വദേശി കൂടിയായ ഗുലാംനബി ആസാദിനെ മുന്‍നിര്‍ത്തിയാണ് ഇന്നലെ കോണ്‍ഗ്രസ് പ്രതിരോധം നടത്തിയത്.