ആദ്യം സുരക്ഷ, എന്നിട്ടാകാം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പെന്ന് കശ്മീര്‍ ജനത

ശ്രീനഗര്‍: ഭീകരാക്രമണങ്ങളും പ്രത്യേക പദവി പ്രശ്‌നങ്ങളും മൂലം കലുഷിതമാണ് ജമ്മു-കശ്മീര്‍. ആ സാഹചര്യത്തിലാണ് അവിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണഘടനയുടെ 35എ പ്രകാരം സംസ്ഥാനത്തെ ആളുകള്‍ക്ക് സ്ഥിരം പദവി നല്‍കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നത് വരെ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ തീരുമാനം. പിഡിപിയും സമാനമായ തീരുമാനവുമായാണ് മുന്നോട്ട് പോകുന്നത്.

ഒരുപാട് കാലത്തിന് ശേഷമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ സുരക്ഷയാണ് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വലിയ ആക്രമണ പരമ്പരകള്‍ സംസ്ഥാനത്ത് ഉണ്ടാകുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ 16 പ്രാദേശിക നേതാക്കളാണ് ഇവിടെ കൊല്ലപ്പെട്ടത്. ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്ന ഗോവാര്‍ അഹമ്മദ് പറഞ്ഞതനുസരിച്ച് സുരക്ഷ ശക്തമാക്കുകയും കൊലപാതകങ്ങള്‍ അവസാനിപ്പിക്കുകയുമാണ് കശ്മീരില്‍ പ്രാഥമികമായി ചെയ്യേണ്ടത്. അതുവരെ നടത്തുന്ന തെരഞ്ഞെടുപ്പെല്ലാം അര്‍ത്ഥ ശൂന്യങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അഹമ്മദ് 2017ല്‍ കൊല്ലപ്പെടുകയുണ്ടായി.

എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ആരംഭിച്ചു കഴിഞ്ഞുവെന്നും ജനങ്ങള്‍ വോട്ടിംഗിനായി എത്തുമെന്നാണ് പ്രതീക്ഷയെന്നും സുരക്ഷാ ചുമതലയുള്ള എ.കെ ഭട്ട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വലിയ അധികാരത്തിന്റെ കടന്നു വരവാണെന്നും ജനങ്ങള്‍ അതിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് അസാധ്യമാണെന്നും ജനങ്ങള്‍ അതിനോട് സഹകരിക്കില്ലെന്നും നേതാക്കള്‍ പലരും മത്സരിക്കാന്‍ പോലും തയ്യാറാകാത്ത അവസ്ഥായാണ് നിലവിലത്തേതെന്നും നാഷണള്‍ കോണ്‍ഫറന്‍സിന്റെ നേതാവ് സുബൈര്‍ അഹമ്മദ് കുലൈ ആശങ്ക പ്രകടിപ്പിച്ചു. 2014 ല്‍ സോഫിയാനയില്‍ നിന്നും മത്സരിച്ച ആളാണ് ഇദ്ദേഹം. സ്ഥാനാര്‍ത്ഥികളെയെല്ലാം കൊല്ലുകയാണെന്നും ആരും തെരഞ്ഞെടുപ്പിനായി മുന്നോട്ട് വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ യുദ്ധ സമാനമായ അന്തരീക്ഷത്തിന് ഒരു അറുതി വരുത്താതെ തെരഞ്ഞെടുപ്പ് നടത്തുന്നത് ബുദ്ധിയല്ലെന്ന് പിഡിപി നേതാവ് റാഫി മിര്‍ അഭിപ്രായപ്പെട്ടു.

13 വര്‍ഷത്തിനു ശേഷമാണ് കാശ്മീരില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. 2011ലാണ് അവസാനമായി ഇവിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. 200 പൊലീസ് സംഘങ്ങളെയാണ് പ്രത്യേകമായി ജമ്മുവില്‍ സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.

Top