ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൂടി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു. ഇതോടെ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുല്‍ഗാമിലെ ചൗഗാമില്‍ ശനിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കുല്‍ഗാമില്‍ സേന തെരച്ചില്‍ നടത്തിയത്. അതിനിടെ തീവ്രവാദികള്‍ കടന്നാക്രമിക്കുകയായിരുന്നു. സുരക്ഷാ സേന അതിശക്തമായി തിരിച്ചടിച്ചു.

രാവിലെ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. തുടര്‍ന്നു രണ്ട് സൈനികര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തിവരികയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ബാരാമുള്ളക്കും ഖാസിഗുണ്ടിനുമിടയില്‍ തീവണ്ടി ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

കഴിഞ്ഞ ദിവസം ബാരാമുള്ള ജില്ലയിലെ സോപോറില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. സംഭവത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ സോപോറിലെ അരാംപോറയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് വെടിവയ്പുണ്ടായത്.

ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ബാരാമുള്ളയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കശ്മീരില്‍ ഭീകരരും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടല്‍ നിത്യ സംഭവമായിരിക്കുകയാണ്. അതീല ജാഗ്രതാ നിര്‍ദ്ദേശമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്.

Top