ശ്രീനഗര്‍: തീപിടിത്തത്തില്‍ വളര്‍ത്തുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സൈനിക ഓഫീസര്‍ പൊള്ളലേറ്റ് മരിച്ചു. ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലാണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് മേജര്‍ അങ്കിത് ബുദ്രജിന്റെ വീട്ടില്‍ തീപിടിത്തം ഉണ്ടായത്.
രണ്ട് വളര്‍ത്ത് നായകള്‍ ഉള്ള അങ്കിത് പെട്ടെന്ന് തന്നെ തന്റെ ഭാര്യയെയും ഒരു നായയെയും പുറത്തെത്തിച്ചു, എന്നാല്‍ മറ്റൊരു നായയെ കൂടി പുറത്തെത്തിക്കുന്നതിനിടെ അങ്കിതിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ അങ്കിത് വീടിനുള്ളില്‍ വച്ച് തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.
അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ അണച്ചത്. അങ്കിതിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.