ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ബിഎസ്എഫ് ജവാന്‍ വീരചരമം പ്രാപിച്ചു. കോണ്‍സ്റ്റബിള്‍ ദേവേന്ദര്‍ സിങ്ങാണു മരിച്ചത്. ജമ്മു കശ്മീരിലെ സാംബ ജില്ലയിലായിരുന്നു വെടിവെയ്പ്പ് നടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്താനിരിക്കുമ്പോഴാണ് അതിര്‍ത്തിയിലെ വെടിവെയ്പ്പ് നടക്കുന്നത്. ഈ മാസം 19 നാണ് മോദി കശ്മീര്‍ സന്ദര്‍ശിക്കുന്നത്.ഇന്നലെ രാത്രി 11.30 നാണ് ഒരു പ്രകോപനവുമില്ലാതെ മാങ്ഗുചാക്കിലെ ഫോര്‍വേഡ് പോസ്റ്റുകള്‍ക്കു നേരെ പാക്ക് സേന വെടിയുതിര്‍ത്തത്.
ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിച്ചു. ഒരു മണിക്കൂറോളം ഇരുസേനയും തമ്മില്‍ ഏറ്റുമുട്ടി. വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണെന്ന് ഒരു സൈനികോദ്യോഗസ്ഥന്‍ അറിയിച്ചു. വെടിയേറ്റ ജവാനെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതിര്‍ത്തിയിലൂടെ അഞ്ചു പേര്‍ നുഴഞ്ഞുകയറുന്നതായി ബിഎസ്എഫിന്റെ ശ്രദ്ധയില്‍പെട്ട് ഇരുപത്തിനാലു മണിക്കൂറിനുള്ളിലായിരുന്നു ആക്രമണം. കഠ്‌വയ്ക്കു സമീപം ഹിരാനഗര്‍ സെക്ടറിലേക്കു കടക്കാനായിരുന്നു ഇവരുടെ ശ്രമമെന്നു കരുതുന്നു. മേഖലയില്‍ സൈന്യം ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്. ജമ്മുവില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.