ശ്രീനഗർ: ജമ്മുകശ്മീരിലെ സുന്‍ജ്വാന്‍ കരസേനാ ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ തങ്ങൾക്ക് പങ്കില്ലെന്ന് പാക്കിസ്ഥാൻ. ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ഈ അക്രമണത്തിൽ വ്യക്തമായ അന്വേഷണം നടത്തുന്നതിന് മുൻപ് ഇന്ത്യൻ മാധ്യമങ്ങളും ഉദ്യോഗസ്ഥരും ഉത്തരവാദിത്തമില്ലാത്ത പരാമർശങ്ങൾ നടത്തുകയാണെന്ന് പാക്കിസ്ഥാൻ ആരോപിച്ചു.
പാക്കിസ്ഥാന് യുദ്ധഭ്രാന്താണെന്ന് ഇന്ത്യ പ്രചാരണം നടത്തുകയാണെന്നും,ഇന്ത്യൻ മാധ്യമങ്ങളിൽ പാക്കിസ്ഥാനെതിരെ അനാവശ്യമായ ആരോപണങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പ്രത്യേക വിഭാഗങ്ങൾ തന്നെയുണ്ടെന്നും പാക്ക് വിദേശകാര്യ വക്താവ് വ്യക്തമാക്കി. മാത്രമല്ല ഇന്ത്യ നടത്തുന്ന ആരോപണങ്ങൾ തെറ്റാണ് പാക്കിസ്ഥാനെ മനപൂർവം കരിവാരിതേയ്ക്കുകയാണെന്നും ഇത് രാജ്യാന്തരസമൂഹം മനസിലാക്കുമെന്നും വക്താവ് പറഞ്ഞു.
ജമ്മു– പഠാൻകോട്ട് ബൈപാസിനോടു ചേർന്നുള്ള ഇൻഫൻട്രി വിഭാഗം 36 ബ്രിഗേഡിന്റെ ക്യാംപിലേക്കാണു സൈനിക വേഷത്തിൽ കനത്ത ആയുധശേഖരവുമായി ഭീകരർ ആക്രമണം നടത്തിയത്.
ക്യാംപിന്റെ പിൻഭാഗത്തെ കാവൽക്കാർക്കു നേരെ വെടിയുതിർത്ത ശേഷം കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്ത് ഒളിച്ചതുമൂലമാണ് ഇവരെ തുരത്താൻ വൈകിയത്. ഇന്നലെ പുലർച്ചെയോടെ മൂന്നാമത്തെ ഭീകരനെയും വകവരുത്തി സൈനിക നടപടികൾ സേന അവസാനിപ്പിച്ചു.
ആക്രമണത്തിൽ അഞ്ച് ജവാന്മാരാണു വീരമൃത്യു വരിച്ചത്. ആറു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10 പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. 2016 നവംബർ 29നു നഗ്രോട്ടയിലെ സൈനിക ക്യാംപിൽ ഇരച്ചുകയറി മൂന്നു ഭീകരർ നടത്തിയ സമാനമായ ആക്രമണത്തിൽ രണ്ട് ഓഫിസർമാർ ഉൾപ്പെടെ ഏഴു പേർ വീരമൃത്യു വരിച്ചിരുന്നു.