ശ്രീനഗര്‍: മുന്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന തീവ്രവാദി ഉള്‍പ്പെടെ രണ്ടു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ തെക്കന്‍ ജമ്മു കാശ്മീരിലെ ഷോപ്പിയന്‍ ജില്ലയില്‍ വച്ച് കൊല്ലപ്പെട്ടു. രാഷ്ട്രിയ റൈഫിള്‍സിന്റെ സംഘം നടത്തിയ തിരച്ചിലിനിടയിലാണ് ജില്ലയിലെ വെഹില്‍ ഗ്രാമത്തില്‍ വച്ച് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്.
കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും രണ്ട് ആയുധങ്ങള്‍ സേന പിടിച്ചെടുത്തിട്ടുണ്ട്. ഹിസ്ബുളിന്റെ കൊടും തീവ്രവാദികളായ നസീര്‍ അഹമ്മദ് പണ്ഡിറ്റ്, ഇനാമുല്‍ ഹഖ് എന്ന വസീം അഹമ്മദ് മല്ല എന്നിവരാണ് കൊല്ലപ്പെട്ട തീവ്രവാദികളെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് പൊലീസ് കോണ്‍സ്റ്റബിളായിരുന്ന പണ്ഡിറ്റ് ഹിസ്ബുള്‍ അംഗമായത്. മന്ത്രിയായിരുന്ന അല്‍ത്താഫ് ബുക്കാരിയുടെ വസതിയില്‍ സുരക്ഷ ചുമതല നല്‍കിയിരുന്ന ഇയാള്‍ അവിടെ നിന്ന് ഒരു റൈഫിളുമായി ഒളിച്ചോടിയാണ് ഭീകരസംഘടനയില്‍ അംഗമായത്. ബുര്‍ഹാന്‍ വാനി നയിച്ചിരുന്ന ഹിസ്ബുള്‍ മുജാഹിദ്ദീനിലെ അംഗമായിരുന്നു ഇയാള്‍. ഇയാളുമായുള്ള നിരവധി വീഡിയോകളിലും ചിത്രങ്ങളിലും പണ്ഡിറ്റും ഭാഗമായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ സൈന്യം നാലു തീവ്രവാദികളെ വധിച്ചു. ദര്‍ദ്‌പോര കുപ്പവാരയിലെ വനമേഖലയില്‍ മറ്റൊരു സൈനീക നീക്കം നടക്കുകയാണ്. പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷോപ്പിയനിലെ വെഹില്‍ ഗ്രാമം സുരക്ഷാസേന വളഞ്ഞെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.