കശ്മീര്‍ വിഷയം കല്ലുകടിയാകുന്നു ; ചൈനയുടെ നിലപാടില്‍ അതൃപ്തിയറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : ഐക്യരാഷ്ട്രസഭ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മുകശ്മീര്‍ വിഷയം പരിഹരിക്കണമെന്ന് വീണ്ടും ചൈന നിലപാടെടുത്തതില്‍ കടുത്ത അതൃപ്തിയറിയിച്ച് ഇന്ത്യ.

കശ്മീരില്‍ ഏകപക്ഷീയ നടപടികള്‍ പാടില്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍, ചൈനീസ് പ്രസിഡന്റ് ഖാന്‍ ഷി ചിന്‍പിങിനെ കണ്ട ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ ആഭ്യന്തരവിഷയത്തില്‍ ആരും ഇടപെടേണ്ടെന്ന് ആവര്‍ത്തിച്ച് വിദേശകാര്യമന്ത്രാലയം മറുപടി നല്‍കിയിരുന്നു.

ജമ്മുകശ്മീര്‍ ആഭ്യന്തരവിഷയമാണ്. ഇക്കാര്യം ചൈനയ്ക്ക് അറിയാമെന്നും മറ്റ് രാജ്യങ്ങള്‍ കശ്മീരിനെക്കുറിച്ച് നിലപാട് പറയുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്നുമായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.

അതേസമയം, കശ്മീര്‍ വിഷയം ചൈന സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പാകിസ്ഥാന്‍ താല്‍പര്യത്തിനെ പിന്തുണക്കുമെന്നും ഷി ചിന്‍പിങ് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കശ്മീര്‍ വിഷയത്തില്‍ ശരിയും തെറ്റും വ്യക്തമാണെന്നും ഇരു രാജ്യങ്ങളും സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഷി ജിന്‍പിങ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മിലുള്ള കൂടിക്കാഴ്ച ചെന്നൈയില്‍ നടക്കാനിരിക്കെയാണ് കശ്മീര്‍ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി ചൈന രംഗത്ത് വന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജിന്‍പിങ് വെള്ളിയാഴ്ചയാണ് ഇന്ത്യയിലെത്തുക.

2018 ഏപ്രിലില്‍ ചൈനയിലെ വുഹാനില്‍ വെച്ച് നടന്ന ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം പതിപ്പാണ് ചെന്നൈയിലെ മഹാബലിപുരത്ത് നടക്കുന്നത്.

Top