ജമ്മു കശ്മീര്‍ ലഫ്.ഗവര്‍ണ്ണര്‍; മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിജയകുമാറും പരിഗണനയില്‍

ന്യൂഡല്‍ഹി: പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ ലഫ്.ഗവര്‍ണ്ണര്‍ പദവിയിലേക്ക് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കെ.വിജയകുമാറും പരിഗണനയില്‍. തമിഴ്നാട് കേഡറിലെ 1975 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ തമിഴ്‌നാടിനെ വിറപ്പിച്ച വീരപ്പനെ വധിച്ച സംഘത്തിന്റെ തലവന്‍ ആയിരുന്നു.

നിലവില്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവായ വിജയകുമാര്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ്. കശ്മീര്‍ താഴ്വരയിലെ ബി.എസ്.എഫ് ഐ.ജിയായും വിജയകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭീകര വിരുദ്ധ ഓപ്പറേഷന്‍ വിദഗ്ധനായാണ് വിജയകുമാര്‍ അറിയപ്പെടുന്നത്.

2010ല്‍ ചത്തീസ്ഗഡിലെ ദന്തേവാഡയില്‍ നക്സല്‍ ആക്രമണത്തില്‍ 75 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ വിജയകുമാറിനെ സി.ആര്‍.പി.എഫ് ഐ.ജിയായി നിയമിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് വലിയ നക്സല്‍ വേട്ടയ്ക്ക് വിജയകുമാര്‍ നേതൃത്വം നല്‍കിയിരുന്നു.

നിലവില്‍ വിജയ കുമാറിന് പുറമെ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായ ദിനേശ്വര്‍ ശര്‍മയുടെ പേരും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

Top