ജമ്മു കശ്മീര്‍ ; ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിശാലസഖ്യം

ജമ്മു കശ്മീര്‍ ; പിഡിപിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും ഒന്നിച്ചു നിര്‍ത്തി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതിന് പിന്നാലെ ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചു വിട്ട് ഗവര്‍ണര്‍ ഉത്തരവിറക്കി.

സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം തേടി മെഹബൂബ മുഫ്തി കത്ത് നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ സത്യപാല്‍ നായിക് നിയമസഭ പിരിച്ചു വിട്ടത്.

അതേസമയം ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മൂന്നു പാര്‍ട്ടികളും. സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

പിഡിപിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാനത്തെ മുന്‍ ധനമന്ത്രിയുമായ അല്‍ത്താഫ് ബുഖാരിയെയാണ് സമവായത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിശ്ചയിച്ചത്.

പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ജൂണില്‍ ബിജെപി പിന്‍വലിച്ചതോടെ ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണമാണ്. 80 അംഗ ജമ്മു കശ്മീര്‍ നിയമസഭയില്‍ പി.ഡി.പിക്ക് 28ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസിനു 12 ഉം എം.എല്‍.എമാരാണ് ഉണ്ടായിരുന്നത്. കേവല ഭൂരിപക്ഷത്തിന് 44 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ച ശേഷവും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പി ശ്രമം നടത്തിയിരുന്നു.

Top