ബി.ജെ.പി ഒറ്റയടിക്ക് ഇവിടെ കൊയ്തത് വൻ രാഷ്ട്രീയ നേട്ടം, ഞെട്ടി പ്രതിപക്ഷം !

മ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേടിയത് രാഷ്ട്രീയ വിജയം. ആര്‍.എസ്.എസിന്റ പ്രധാന അജണ്ടയായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റുക എന്നത്. അക്കാര്യമാണിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നടപ്പാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ജമ്മു കശ്മീരിനും ബാധകമാക്കിയതിലൂടെ വലിയ പ്രഹരമാണ് പാക്കിസ്ഥാന് ലഭിച്ചിരിക്കുന്നത്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള തീരുമാനവും ചരിത്രപരമാണ്. ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ് വിഭജനം. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിരിക്കും. ഭൂമി ശാസ്ത്രപരവും സൈനിക താല്‍പ്പര്യവും മുന്‍ നിര്‍ത്തിയാകും വിഭജനം.

കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കുമ്പോഴും സൈനിക നേതൃത്വങ്ങള്‍ ഈ നടപടിയെ വലിയ രൂപത്തിലാണ് സ്വാഗതം ചെയ്യുന്നത്.

ബി.ജെ.പിയുടെ പഴയ മുഖമായ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ് 1950 കളുടെ തുടക്കത്തില്‍’ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക എന്ന മുദ്രാവാക്യം ഉയര്‍ത്തിയിരുന്നത്. ഭരണഘടനാ അസംബ്ലിയില്‍ അദ്ദേഹം ശക്തമായാണ് 370-ാം വകുപ്പിനെതിരെ ആഞ്ഞടിച്ചിരുന്നത്.

മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചു വര്‍ഷമാണ് നിയമസഭയുടെ കാലാവധിയെങ്കില്‍ ജമ്മു കശ്മീരിനത് ആറു വര്‍ഷമാണ്. ഇവിടെ ഏതെങ്കിലും തരത്തിലുള്ള നിയമ നിര്‍മ്മാണത്തിന് പോലും കേന്ദ്രത്തിന് നിയമസഭയുടെ അനുമതി വേണം. ഒരര്‍ത്ഥത്തില്‍ ഒരു സ്വതന്ത്ര രാജ്യത്തിന്റെ സ്വാതന്ത്ര്യമാണ് പ്രത്യേക പദവിയിലൂടെ കശ്മീര്‍ ജനതക്ക് വിഭാവനം ചെയ്തിരുന്നത്.

ഈ സ്വാതന്ത്ര്യം വിഘടനവാദികള്‍ ദുരുപയോഗം ചെയ്യുകയും പാക്കിസ്ഥാന്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുകയുണ്ടായി. ഇതാണ് പലപ്പോഴും സൈനികര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ കലാശിച്ചിരുന്നത്. പുല്‍വാമ ആക്രമണം പോലെ ഇനിയൊന്ന് രാജ്യത്ത് ഉണ്ടാകരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനായി ഏത് തരത്തിലുള്ള സൈനിക നടപടിക്കും തയ്യാറാണെന്ന പ്രഖ്യാപനം കൂടിയാണ് കേന്ദ്രമിപ്പോള്‍ നടത്തിയിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയാണ് ഈ സാഹസത്തിന് മോദി സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.എന്ത് പ്രകോപനം ഉണ്ടായാലും അടിച്ചമര്‍ത്താന്‍ സൈന്യത്തെയടക്കം നിയോഗിച്ചതിനാല്‍ ആശങ്കയും വലുതാണ്.

അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റക്കാര്‍ക്കെതിരേയും അവരെ സഹായിച്ച പാക്ക് പട്ടാളത്തിനും എതിരെ നടത്തിയ തിരിച്ചടിയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ചെറിയ പ്രകോപനത്തിന് പോലും വലിയ തിരിച്ചടി എന്ന നിലയിലേക്കാണ് സൈന്യമിപ്പോള്‍ പോകുന്നത്. പ്രതിപക്ഷം ശക്തമായി എതിര്‍ത്തിട്ടും സര്‍ക്കാര്‍ ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് വ്യക്തമായ ഒരു സൂചന കൂടിയാണ്. ഇനിയും കടുത്ത നടപടികള്‍ക്ക് മടിക്കില്ലെന്ന് വ്യക്തമാക്കുന്നതാണിത്.

അതേസമയം കശ്മീരിലെ സംഭവ വികാസങ്ങളെ ആകാംക്ഷയോടെയാണ് ലോക രാഷ്ട്രങ്ങള്‍ ഉറ്റു നോക്കുന്നത്. പാക്ക് അധീന കശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കുമെന്ന ഭീതിയിലാണ് പാക്കിസ്ഥാന്‍. അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നും കൂടുതല്‍ സൈനികരെ പാക്ക് അധീന കശ്മീരിലേക്ക് അവര്‍ മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്ഥിതി ഗതികള്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈനിക മേധാവികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിര്‍ത്തിയില്‍ വലിയ നാശനഷ്ടം ഇന്ത്യന്‍ സേന ഉണ്ടാക്കിയതായ റിപ്പോര്‍ട്ടാണ് പ്രധാനമന്ത്രിക്ക് പാക്ക് സൈനിക നേതൃത്വം നല്‍കിയിരിക്കുന്നത്.

ബാലക്കോട്ടെ ഭീകര ആക്രമണത്തിന് ശേഷമുണ്ടായ പാക്ക് പ്രകോപനത്തിനുള്ള തിരിച്ചടി ഇന്ത്യ ലക്ഷ്യമിടുന്നതായാണ് പാക്കിസ്ഥാന്‍ ഭയക്കുന്നത്. പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് ഐ.എസ്.ഐയും പാക്ക് ഭരണകൂടത്തിന് നല്‍കിയിട്ടുണ്ട്. പാക്ക് അധീന കശ്മീരിലെ ഭീകരതാവളങ്ങള്‍ ലക്ഷ്യം വെച്ച് ഇന്ത്യന്‍ മിന്നല്‍ ആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കയും കരുതുന്നത്. ഇതു സംബന്ധമായ വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കുക എന്ന നിലപാടിലേക്ക് ഇന്ത്യ പോകുമെന്ന് തന്നെയാണ് അമേരിക്കന്‍ ഭരണകൂടം കരുതുന്നത്.

ഇന്ത്യ മേഖലയില്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നത് തടയാനാണ് സമവായ നീക്കവുമായി ട്രംപ് തന്നെ രംഗത്ത് വന്നിരുന്നത്. എന്നാല്‍ ഇന്ത്യ ആ നീക്കം തള്ളികളയുകയായിരുന്നു. സ്വന്തം ഭരണഘടനയും സ്വന്തം കൊടിയുമുള്ള ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള ഒരേ ഒരു സംസ്ഥാനം കൂടിയാണ് ജമ്മു കശ്മീര്‍. വിഘടനവാദികളുടെയും തീവ്രവാദികളുടെയും വിഹാരഭൂമിയായി കശ്മീര്‍ മാറിയ സാഹചര്യത്തിലാണ് ശാശ്വത പരിഹാരമിപ്പോള്‍ കേന്ദ്രം തേടിയിരിക്കുന്നത്. പ്രത്യേക പദവി എടുത്ത് കളഞ്ഞതോടൊപ്പം സൈനിക നടപടി ശക്തമാക്കി കശ്മീരിനെ സമാധാനത്തിലേക്ക് കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇപ്പോഴത്തെ സൈനിക വിന്യാസം പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ കൂടി ഉദ്ദേശിച്ചിട്ടുള്ളതാണ്.

1846ല്‍ ഈസ്റ്റിന്ത്യാ കമ്പനിയും ജമ്മുവിലെ രാജാവായിരുന്ന ഗുലാബ് സിംഗും തമ്മില്‍ ഉണ്ടാക്കിയ അമൃത്സര്‍ കരാര്‍ പ്രകാരം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നുമാണ് ഗുലാബ് സിംഗ് കാശ്മീര്‍ താഴ്‌വര വിലയ്ക്ക് വാങ്ങിയിരുന്നത്. 75 ലക്ഷം ആയിരുന്നു അന്നത്തെ മോഹവില. ഇതേ തുടര്‍ന്നാണ് ജമ്മു കാശ്മീര്‍ എന്ന പേര് തന്നെയുണ്ടായത്.

ഇന്ത്യ- പാക്ക് വിഭജനം നടക്കുമ്പോള്‍ അന്ന് 552 നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ ചിലത് പാകിസ്ഥാനോട് ചേര്‍ന്നു, മറ്റുള്ളവര്‍ ഇന്ത്യയോടൊപ്പവും നിന്നു. എന്നാല്‍ ഇരു രാജ്യത്തോടും ചേരാതെ നിന്ന നാട്ടുരാജ്യമായിരുന്നു ജമ്മു കശ്മീര്‍.

ജമ്മു കാശ്മീരിലെ ഭൂരിപക്ഷം ജനവിഭാഗവും മുസ്ലീങ്ങളായിരുന്നു. രാജാവ് ഹിന്ദുവും. പാകിസ്ഥാനോടൊപ്പം ചേരണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ കാശ്മീര്‍ ജനതയ്ക്ക് നേരെ ഹരിസിംഗ് രാജാവ് വെടിവെക്കാന്‍ ഉത്തരവിട്ടു. ആയിരക്കണക്കിനാളുകളാണ് അന്ന് കൊല്ലപ്പെട്ടിരുന്നത്.

പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പൂഞ്ചില്‍ നിന്ന് ആയിരക്കണക്കിന് മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. അവരില്‍ ധാരാളം പേര്‍ ആയുധ ധാരികളായി തിരിച്ചുവന്നു; ഹിന്ദുക്കളെയും സിഖുകാരെയും കൊന്നു. ശേഷിച്ചവരില്‍ 60,000 ലേറെ പേര്‍ ജമ്മുവിലേക്കു ഓടിരക്ഷപ്പെട്ടു. ഹിന്ദുവിരുദ്ധപ്രക്ഷോഭം അയല്‍പ്രദേശങ്ങളായ മിര്‍പൂറിലേക്കും മുസാഫറബാദിലേക്കും പടര്‍ന്നു. ഒക്ടോബര്‍ 24 ന് പൂഞ്ചിലെ പ്രക്ഷോഭകര്‍ ‘ആസാദ് കാശ്മീര്‍’ എന്ന പേരില്‍ സ്വതന്ത്രരാജ്യം തന്നെ പ്രഖ്യാപിക്കുകയുമുണ്ടായി.

ഒക്ടോബര്‍ 22 ന് പൂഞ്ചിലെ ഈ കലാപകാരികളുടെ സഹായത്തോടെ ആയുധധാരികളായ ആയിരക്കണക്കിന് പഠാന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ കാശ്മീരിനെ ആക്രമിച്ചു. ഇവര്‍ക്ക് പാക്കിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ലയിഖത്ത് അലിഖാന്റെ സര്‍വ്വവിധ സഹായങ്ങളും ഉണ്ടായിരുന്നു എന്നതും ചരിത്രമാണ്.

പഠാന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ആക്രമണത്തെ തടയാന്‍ ജമ്മു കാശ്മീര്‍ രാജാവ് ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായമാണ് തേടിയിരുന്നത്. എന്നാല്‍, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് ഇന്ത്യന്‍ പട്ടാളത്തെ അയയ്ക്കാന്‍ നിര്‍വ്വാഹമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഹരിസിംഗിനെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്, 1947 ഒക്ടോബര്‍ 26 ന്, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള കരാറില്‍ രാജാവ് ഒപ്പുവച്ചു.

തുടര്‍ന്ന് ആദ്യ ഇന്ത്യ- പാക്ക് യുദ്ധത്തിന് കളമൊരുങ്ങി. 1949 ജനുവരി ഒന്നാം തീയതി ഇരു വിഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കാശ്മീരിന്റെ ഭൂരിഭാഗവും, ജമ്മുവും ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. ആസാദ് കാശ്മീര്‍ എന്ന പ്രദേശവും ചില വടക്കന്‍ പ്രവിശ്യകളും പാക്കിസ്ഥാന്റെ അധീനതയിലുമായി. പാക്കിസ്ഥാന്റെ കൈവശം ഇരിക്കുന്ന ഈ ഭൂമിയാണ് ഇപ്പോഴത്തെ പാക്ക് അധീന കാശ്മീര്‍.

പാക്ക് അധീന കശ്മീര്‍ ഭീകരരുടെ ഹെഡ്ക്വാര്‍ട്ടേഴ്സായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറ്റവും ആക്രമണവും നടത്തുന്നത് ഇവിടെ നിന്നും പരിശീലനം ലഭിക്കുന്ന ഭീകരരാണ്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലും പാക്ക് അധീന കശ്മീരിലെ ഭീകരരാണ് കരുക്കള്‍ നീക്കിയിരുന്നത്. കശ്മീരിലെ വിഘടനവാദി നേതാക്കളുമായും ഭീകരര്‍ക്ക് അടുത്ത ബന്ധമാണുള്ളത്.

എല്ലാറ്റിനും ചരട് വലിക്കുന്ന മസൂദ് അസ്ഹര്‍ ആകട്ടെ പാക്ക് സൈന്യത്തിന്റെ സംരക്ഷണയിലുമാണ്. ജമ്മു കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതോടൊപ്പം പാക്ക് അധീന കശ്മീരും ഇന്ത്യ ലക്ഷ്യമിടുന്നതും അതുകൊണ്ട് തന്നെയാണ്.

ഭീകരര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും പോലും സഹായകരമാകുന്ന ‘പ്രത്യേക പദവി’ ഇല്ലാതാകുന്നതോടെ സൈനിക നടപടികള്‍ക്ക് ഇനി ശരവേഗതയേറും. രാഷ്ട്രീയപരമായി വലിയ നേട്ടമാണ് ഈ തീരുമാനം ബിജെപിയ്ക്കുണ്ടാക്കി കൊടുത്തിരിക്കുന്നത്.

Top