ശ്രീനഗര്‍: ജമ്മുകശ്മീരിലെ പാംപോറില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് സംഘത്തില്‍ മലയാളിയും. സി.ആര്‍.പി.എഫ് 161ാം ബറ്റാലിയനില്‍ സബ് ഇന്‍സ്‌പെക്ടറായ തിരുവനന്തപുരം പാലോട് സ്വദേശി ജയചന്ദ്രനാണ് മരിച്ചത്.
ജയചന്ദ്രന്റെ അടക്കം എട്ടു പേരുടെ മൃതദേഹങ്ങള്‍ സൈനിക ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമുണ്ടാകും.
ശനിയാഴ്ച പുല്‍വാമ ജില്ലയിലെ പാംപോറില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ഓഫിസര്‍മാരടക്കം എട്ട് ജവാന്മാര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റവരുടെ നില ഗുരുതരമാണ്. സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി.
ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ശ്രീനഗറിലേക്ക് പോവുകയായിരുന്ന സേനാസംഘത്തെ തീവ്രവാദികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ബസില്‍ സഞ്ചരിച്ചിരുന്ന 161ാം ബറ്റാലിയന്‍ സൈന്യത്തിനു നേരെ തുരുതുരാ വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ സൈന്യം തിരിച്ചടിച്ചു.
ഈ മാസം ശ്രീനഗര്‍-ജമ്മു ദേശീയപാതയിലുണ്ടാകുന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണമാണിത്. ജൂണ്‍ മൂന്നിന് ബി.എസ്.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ലഷ്‌കറെ തൊയ്‌ബെ ആക്രമണത്തില്‍ മൂന്നു സൈനികള്‍ കൊല്ലപ്പെട്ടിരുന്നു.