ആള്‍ട്ടിക്കിള്‍ 370 റദ്ദാക്കി. ഭരണഘടനപ്രകാരം കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പായിരുന്നു ആര്‍ട്ടിക്കിള്‍ 370. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ഈ വകുപ്പുള്ളത്. താല്‍ക്കാലികവും മാറ്റം വരാവുന്നതും പ്രത്യേക നിബന്ധനയുള്ളതുമാണ് ഈ വകുപ്പ്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കശ്മീരിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്നതല്ലെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കിയപ്പോള്‍, ഇതു സംബന്ധമായ പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യസഭയില്‍ അവതരിപ്പിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും. ജമ്മു-കശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുക എന്നത് ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന് അമിത്ഷാ ബില്ല് അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു
ആര്‍ട്ടിക്കിള്‍ 370 ചരിത്രം
ഇന്ത്യ-പാക്ക് വിഭചനം നടക്കുമ്പോള്‍ അന്ന് 552 നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ ചിലത് പാകിസ്ഥാനോട് ചേര്‍ന്നു, മറ്റുള്ളവര്‍ ഇന്ത്യയോടൊപ്പവും നിന്നു. എന്നാല്‍ ഇരു രാജ്യത്തോടും ചേരാതെ നിന്ന നാട്ടുരാജ്യമായിരുന്നു ജമ്മു കശ്മീര്‍.
ജമ്മുകാശ്മീരിലെ ഭൂരിപക്ഷം ജനവിഭാഗവും മുസ്ലീങ്ങളായിരുന്നു. രാജാവ് ഹിന്ദുവും. പാകിസ്ഥാനോടൊപ്പം ചേരണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ കാശ്മീര്‍ ജനതയ്ക്ക് നേരെ ഹരിസിംഗ് രാജാവ് വെടിവെക്കാന്‍ ഉത്തരവിട്ടു. ആയിരക്കണക്കിനാളുകളാണ് അന്ന് കൊല്ലപ്പെട്ടിരുന്നത്.
പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പൂഞ്ചില്‍ നിന്ന് ആയിരക്കണക്കിന് മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. അവരില്‍ ധാരാളം പേര്‍ ആയുധ ധാരികളായി തിരിച്ചുവന്നു; ഹിന്ദുക്കളെയും സിഖുകാരെയും കൊന്നു. ശേഷിച്ചവരില്‍ 60,000 ലേറെ പേര്‍ ജമ്മുവിലേക്കു ഓടിരക്ഷപ്പെട്ടു. ഹിന്ദുവിരുദ്ധപ്രക്ഷോഭം അയല്‍പ്രദേശങ്ങളായ മിര്‍പൂറിലേക്കും മുസാഫറബാദിലേക്കും പടര്‍ന്നു. ഒക്ടോബര്‍ 24 ന് പുഞ്ചിലെ വിപ്ലവകാരികള്‍ ‘ആസാദ് കാശ്മീര്‍’ എന്ന പേരില്‍ സ്വതന്ത്രരാജ്യം തന്നെ പ്രഖ്യാപിക്കുകയുമുണ്ടായി.
ജമ്മു കശ്മീര്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഷെയ്ഖ് അബ്ദുല്ല ദോഗ്ര ഭരണാധികാരിയായിരുന്ന ഹരി സിങ് മഹാരാജാവില്‍ നിന്നും ഭരണം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് 1949ല്‍ ന്യൂഡല്‍ഹിയുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതിന് അദ്ദേഹം ശ്രമിച്ചതിന്റെ ഫലമായാണ് ഭരണഘടനയില്‍ മുന്നൂറ്റിയെഴുപതാം വകുപ്പ് ഉണ്ടാവുന്നത്. ആര്‍ട്ടിക്കിള്‍ 370 താത്കാലികമായിരിക്കരുതെന്നും സ്വയം ഭരണാവകാശം നല്‍കുന്നതായിരിക്കണമെന്നും ഷെയ്ഖ് അബ്ദുല്ല ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അദ്ദേഹത്തിന്റെ ഈ ആവശ്യത്തിന് വഴങ്ങിയില്ല.
ജമ്മു കശ്മീരിലെ പൗരന്മാരുടെ സ്വത്തവകാശം, മൗലികാവകാശം, സംസ്ഥാനത്തെ നിയമ സംഹിത എന്നിവയെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 370. പ്രതിരോധം, ധനകാര്യം, വിദേശകാര്യം, ആശയവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെയുള്ള നിയമങ്ങള്‍ ജമ്മു കശ്മീരില്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം വേണമായിരുന്നു.
ആര്‍ട്ടിക്കിള്‍ 370ന്റെ സാന്നിധ്യത്തില്‍ സംസ്ഥാനത്തിന് പുറത്തുള്ള ആളുകള്‍ക്ക് ജമ്മുകശ്മീരില്‍ നിന്നും ഭൂമി വാങ്ങാന്‍ കഴിയില്ല. ഭൂമിയെ സംബന്ധിച്ചുളള ക്രയ വിക്രയങ്ങള്‍ സംസ്ഥാനത്തെ ആളുകള്‍ തമ്മില്‍ മാത്രമേ നടത്താന്‍ സാധീക്കുകയുള്ളു. 370 ഉള്ളതിനാല്‍ 360 പ്രകാരമുള്ള സാമ്പത്തിക അടിയന്തിരാവസ്ഥ സംസ്ഥാനത്ത് പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് കഴിയുമായിരുന്നില്ല. യുദ്ധകാലത്തോ അക്രമ സാഹചര്യങ്ങളിലോ മാത്രമേ ഇത് നടപ്പിലാക്കാന്‍ സാധിക്കുമായിരുന്നുള്ളു.
ആര്‍ട്ടിക്കിള്‍ 35A നിയമനിര്‍മാണത്തിന് പിന്നില്‍
സ്വാതന്ത്ര്യത്തിന് മുമ്പ് ജമ്മു കശ്മീരില്‍ നിലവിലിരുന്ന നിയമത്തിന്റെ തുടര്‍ച്ചയെന്നോളമാണ് സംസ്ഥാനജനതയ്ക്ക് പ്രത്യേക അവകാശങ്ങല്‍ നല്‍കുന്ന വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത്. 1947 ല്‍ കോളനി വാഴ്ച അവസാനിച്ചുവെങ്കിലും 1952 വരെ ഷെയ്ഖ് അബ്ദുള്ള ഭരണാധികാരിയായി തുടര്‍ന്നു. തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്രുവും ഷെയ്ഖ് അബ്ദുള്ളയും ചേര്‍ന്ന് ഒപ്പു വെച്ച് ഡല്‍ഹി കരാര്‍ അനുസരിച്ച് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുകയായിരുന്നു.
പ്രതിഷേധങ്ങള്‍….
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതോടെ പ്രതിഷേധങ്ങളും വ്യാപകമായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഭരണഘനയെ ‘കൊല’ ചെയ്തു എന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഭരണഘടന സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാനൊരുക്കമെന്നും കോണ്‍ഗ്രസ് വതക്തമാവ് ഗുലാം നബി ആസാദ് പറഞ്ഞു.
കശ്മാരിനെ വിഭജിച്ചും പ്രത്യേക പദവി റദ്ദാക്കുകയും ചെയ്ത ബില്‍ ചരിത്രപരമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ജമ്മുകശ്മീരിന്റെ ദുരിതങ്ങള്‍ക്ക് കാരണം പ്രത്യേകപദവിയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മൂന്ന് കുടുംബങ്ങള്‍ ചേര്‍ന്ന് ഇക്കാലമത്രയും ജമ്മുകശ്മീരിനെ കൊള്ളയടിച്ചു. ഭരണഘടന അംഗീകരിക്കുന്നുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നാണ് അദ്ദേഹം പറഞ്ഞത്.
പിഡിപി അംഗങ്ങളായ മിര്‍ ഫയാസ്, നാസിര്‍ അഹമ്മദ് എന്നിവര്‍ ഭരണഘടന വലിച്ചുകീറിയാണ് ശക്തമായ പ്രതിഷേധം അറിയിച്ചത്.ഇതിനു പിന്നാലെ, ഇരുവരെയും രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു സഭയില്‍ നിന്ന് പുറത്താക്കി. പിന്നീട് സഭയ്ക്കു പുറത്തെത്തിയും ഇരുവരും പ്രതിഷേധിച്ചു.
കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി കശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.
സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. വിനോദസഞ്ചാരികളോടും അമര്‍നാഥ് യാത്രികരോടും കശ്മീര്‍ വിടാന്‍ നിര്‍ദേശിച്ചു. ഞായറാഴ്ച രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മെഹ്ബൂബ മുഫ്ചതിയും ഒമര്‍ അബ്ദുള്ളയുമടക്കമുള്ള രാഷ്ട്രീയനേതാക്കള്‍ വീട്ടുതടങ്കലിലാവുകയും ചെയ്തിരുന്നു.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനും തീരുമാനിച്ചിട്ടുണ്ട്.ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. ജമ്മു-കശ്മീര്‍ ഇനി മുതല്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശവുമായിരിക്കും.