ചെന്നൈ:ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ ജമ്മു കശ്മീരിലെ കുട്ടികളുടെ അവസ്ഥ ഓര്‍ക്കുമ്പോള്‍ തനിക്ക് ആശങ്കയുണ്ടെന്ന് നടിയും യൂനിസെഫിന്റെ സെലിബ്രിറ്റി വക്താവുമായ തൃഷ കൃഷ്ണന്‍ പ്രതികരിച്ചിരിക്കുകയാണ്.
നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടത് ചൂണ്ടിക്കാട്ടിയാണ് തൃഷയുടെ പ്രതികരണം. സ്‌കൂളുകള്‍ അടച്ചിടുന്നത് കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണെന്നും താരം പ്രതികരിച്ചു.ചെന്നൈയിലെ സ്റ്റെല്ല മേരിസ് കോളേജിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു തൃഷ.
‘സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുക എന്നത് അവരോട് ചെയ്യുന്ന ഹിംസയാണ്. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിലൂടെ ഒരുപാട് പ്രശ്‌നങ്ങള്‍ തടയാന്‍ സാധിക്കുമെന്നും’ തൃഷ വ്യക്തമാക്കി.
അതേസമയം, ലൈംഗിക ചൂഷണത്തിനെതിരെ അവബോധവുമായി രംഗത്തുവരണമെന്ന് കോളജിലെ വിദ്യാര്‍ഥികളോട് തൃഷ അഭ്യര്‍ഥിച്ചു. സിനിമാ രംഗത്തെ ലിംഗ വിവേചനത്തെക്കുറിച്ചും തൃഷ സംസാരിച്ചു. നടന്മാര്‍ക്ക് നടിമാരേക്കാള്‍ പ്രതിഫലം ലഭിക്കുന്ന പ്രവണത മാറിവരുന്നുണ്ട്. 17 വര്‍ഷമായി സിനിമാ രംഗത്തുള്ള തനിക്ക് അക്കാര്യം ഉറപ്പിച്ചു പറയാനാവുമെന്നും തൃഷ വിശദമാക്കി.