ആനന്ദ് അംബാനിയുടെയും രാധികയുടെയും വിവാഹം; ജാംനഗര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്‍കി കേന്ദ്രം

മുകേഷ് അംബാനിയുടെ മകന്റെ ആഡംബര വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ജാംഗറിലെ ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്‍കി കേന്ദ്രസര്‍ക്കാര്‍. വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് സുഗമമായി എത്തുന്നതിന് വേണ്ടിയാണ് വിമാനത്താവളത്തിന് 10 ദിവസത്തേക്ക് മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര ടാഗ് നല്‍കിയത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് കേവലം 50 കിലോമീറ്ററോളം മാത്രം അകലെയാണ് ജാംനഗര്‍ വിമാനത്താവളം. വിമാനത്താവളത്തിന്റെ സെന്‍സിറ്റീവ് ടെക്‌നിക്കല്‍ ഏരിയയിലേക്കും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി, സൗദി അരാംകോയുടെ ചെയര്‍പേഴ്സണ്‍ യാസിര്‍ അല്‍-റുമയാന്‍, ഡിസ്‌നി സിഇഒ ബോബ് ഇഗര്‍, അമേരിക്കന്‍ ശതകോടീശ്വരന്‍ വ്യവസായിയും ആഗോള നിക്ഷേപ മാനേജ്മെന്റ് സ്ഥാപനമായ ബ്ലാക്ക് റോക്ക് ലാറി ഫിങ്കിന്റെ ചെയര്‍മാനുമായ ബോബ് ഇഗര്‍, മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ്, ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചക്ക്, മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡ്, കാനഡ മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ എന്നിവരും വിവാഹത്തിനെത്തുന്ന അതിഥികളുടെ പട്ടികയിലുണ്ട്.

പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനത്താവളത്തിന് ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 5 വരെയാണ് അന്താരാഷ്ട്ര ടാഗ് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 28 നും മാര്‍ച്ച് 4 നും ഇടയില്‍ ജാംനഗര്‍ വിമാനത്താവളത്തില്‍ 150 വിമാനങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഇതില്‍ 50 എണ്ണം വിദേശത്ത് നിന്ന് നേരിട്ടെത്തുന്നതാണ്.

ഈ വിമാനങ്ങളില്‍ മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമുള്ളവയുണ്ട്. ഇന്ത്യയില്‍ നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ ഏകദേശം 2,000 പേരാണ്. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയവും ധനമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും എയര്‍പോര്‍ട്ടില്‍ കസ്റ്റം, ഇമിഗ്രേഷന്‍, ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നാണ് ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സങ്കീര്‍ണ മേഖലയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുക മാത്രമല്ല, വിമാനത്താവളത്തിന്റെ വലുപ്പവും വിപുലീകരിച്ചു.475 ചതുരശ്ര കിലോമീറ്റര്‍ മുതല്‍ 900 ചതുരശ്ര മീറ്റര്‍ വരെയുള്ള സ്ഥലത്ത് ഇനി തിരക്കേറിയ സമയത്ത് പോലും 360 യാത്രക്കാരെ ഉള്‍ക്കൊള്ളാം. നേരത്തെ ഇത് 180 ആയിരുന്നു. വിമാനത്താവളത്തിലെ ടോയ്‌ലെറ്റുകള്‍ അടക്കം വിവാഹത്തോടനുബന്ധിച്ച് നവീകരിച്ചിട്ടുണ്ട്.

വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും അംബാനി കല്യാണം പ്രമാണിച്ച് നടപടികള്‍ വേഗത്തിലാക്കുകയായിരുന്നെന്ന് പേര് വെളിപ്പെടുത്താത്ത ഒരു എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ ദി ഹിന്ദുവിനോട് പറഞ്ഞു. വിശിഷ്ടാതിഥികളെ സ്വീകരിക്കാന്‍ പ്രതിരോധ വിമാനത്താവളത്തിന് സമീപം പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്യാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Top