കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ തളച്ച് ജംഷഡ്പൂര്‍ എഫ്സി. 2023-24 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഈസ്റ്റ് ബംഗാളിന്റെ ഹോം തട്ടകമായ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.
സമനിലയോടെ പട്ടികയില്‍ ഈസ്റ്റ് ബംഗാള്‍ അഞ്ചാം സ്ഥാനത്തും ജംഷഡ്പൂര്‍ ആറാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. മൂന്ന് പോയിന്റുകളുമായി നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനാണ് പട്ടികയിലെ ഒന്നാമന്‍. മൂന്ന് പോയിന്റുകള്‍ തന്നെയുള്ള ഒഡിഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, മുംബൈ സിറ്റി എഫ്സി എന്നിവര്‍ ഗോള്‍ വ്യത്യാസത്തില്‍ പട്ടികയില്‍ ബഗാന്റെ പിറകിലുണ്ട്. തിങ്കളാഴ്ച നടന്ന ഈസ്റ്റ് ബംഗാള്‍-ജംഷഡ്പൂര്‍ എഫ്സി മത്സരത്തോടെ ഐഎസ്എല്ലിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. മാറ്റിവെച്ച ഹൈദരാബാദ് എഫ്സി-എഫ്സി ഗോവ മത്സരം മാത്രമാണ് ഇനി നടക്കാനുള്ളത്.
ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ നടന്ന മത്സരത്തിലുടനീളം ഈസ്റ്റ് ബംഗാള്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. ഈസ്റ്റ് ബംഗാളിന്റെ ആക്രമണങ്ങളെല്ലാം ജംഷഡ്പൂര്‍ പ്രതിരോധം നിഷ്പ്രഭമാക്കി. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു.